ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി സീറ്റുകൾ തൂത്തുവാരുമെന്ന് എക്‌സിറ്റ് പോൾ പ്രവചനം. ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളാണ് എൻഡിഎയ്ക്ക് ഗംഭീര വിജയം പ്രവചിച്ചിരിക്കുന്നത്. ആകെയുള്ള 175 സീറ്റുകളിൽ എൻഡിഎ 98 മുതൽ 120 സീറ്റുകളിൽ വരെ വിജയിച്ചേക്കാമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് 55 മുതൽ 77 വരെ സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് പ്രവചനം. ഇൻഡി സഖ്യത്തിന് പൂജ്യം മുതൽ രണ്ട് സീറ്റ് വരെയാണ് പ്രവചിക്കുന്നത്.
ടിഡിപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം. 78 മുതൽ 96 സീറ്റുകൾ വരെ ടിഡിപിക്ക് ലഭിച്ചേക്കുമെന്നാണ് എക്‌സിറ്റ് പോൾ വ്യക്തമാക്കുന്നത്. ബിജെപിക്ക് നാലുമുതൽ ആറു സീറ്റുകൾ വരെയും ജനസേന പാർട്ടിക്ക് 16 മുതൽ 18 സീറ്റുകൾ വരെയും ലഭിച്ചേക്കുമെന്നും ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചിച്ചു.ബിജെപിക്കു പുറമേ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി), പവൻ കല്യാണിന്റെ ജനസേന പാർട്ടി (ജെഎസ്പി) എന്നീ കക്ഷികളാണ് ആന്ധ്രയിലെ എൻഡിഎയിലുള്ളത്.
മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിന് 55 മുതൽ 77 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം. വൈഎസ്ആർ കോൺഗ്രസ് തരംഗം ആഞ്ഞടിച്ച 2019ൽ പാർട്ടി 151 സീറ്റുകളിൽ വിജയിച്ചായിരുന്നു ഭരണം പിടിച്ചത്. സംസ്ഥാനത്തെ 159 സീറ്റുകളിൽ കോൺഗ്രസും എട്ടുവീതം സീറ്റുകളിൽ സിപിഐയും സിപിഎമ്മും ആയിരുന്നു ഇന്ത്യ സഖ്യത്തിനായി മത്സരിച്ചിരുന്നത്.
ഒഡീഷ നിയമസഭ തിരഞ്ഞെടുപ്പിലെ ഫലം ഇഞ്ചോടിഞ്ചാകുമെന്നാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ സർവേ ഫലം. ബിജെപി 62 മുതൽ 80 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. ബിജെഡിയു 62 മുതൽ 80 സീറ്റ് വരെ നേടും. കോൺഗ്രസ് 5 മുതൽ 8 സീറ്റ് നേടും. ബി ജെ പിക്കും ബി ജെഡിക്കും 42 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം.
Discussion about this post