ന്യൂഡൽഹി : ഇൻഡി സഖ്യം 295 സീറ്റുകൾ നേടുമെന്ന് വീണ്ടും ആവർത്തിച്ച് രാഹുൽ ഗാന്ധി. ഇപ്പോൾ പുറത്തുവന്നത് എക്സിറ്റ് പോളല്ല മോദി മീഡിയ പോളാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി എം.പിമാരുമായുള്ള വീഡിയോ കോൺഫറൻസിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്സിറ്റ് പോളുകളെല്ലാം നരേന്ദ്ര മോദി നയിക്കുന്ന എൻ.ഡി.എക്ക് 350 ൽ പരം സീറ്റുകൾ പ്രവചിച്ചതിനെതിരെയാണ് പരിഹാസവുമായി രാഹുൽ രംഗത്തെത്തിയത്. അതൊക്കെ വെറും ഫാന്റസിയാണ് . മോദി മീഡിയ പോളാണ് ഈ ഫലങ്ങൾ പറയുന്നത്. അല്ലാതെ എക്സിറ്റ് പോളുകളല്ല. രാഹുൽ വ്യക്തമാക്കി. രാഹുലിന്റെ പരിഹാസത്തിനെതിരെ ചുട്ട മറുപടിയുമായി ബിജെപിയും രംഗത്തെത്തി. ഈ രാജ്യത്ത് സ്വപ്നം കാണുന്നതിന് ആർക്കും അവകാശമുണ്ടെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. അങ്ങേയറ്റം വരെ സ്വപ്നം കാണാൻ ഏതൊരാൾക്കും ഈ രാജ്യത്ത് അവകാശമുണ്ട്. എൻ.ഡി.എ നാനൂറു സീറ്റുകൾ കടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി എന്തിനു വേണ്ടിയാണ് ഇത്തരം വ്യാജപോളുകൾ നടത്തുന്നതെന്ന് അറിയില്ലെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ ഫലം വരും. പിന്നെ ഈ എക്സിറ്റ് പോളിന്റെ ആവശ്യമെന്തെന്നും അദ്ദേഹം ചോദിച്ചു. അതേസമയം നരേന്ദ്ര മോദി ഗൂഢാലോചന നടത്തിയാണ് ഇത്തരം എക്സിറ്റ് പോളുകൾ പുറത്തുവിടുന്നതെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ആരോപിച്ചു. ഇൻഡി സഖ്യത്തിന് 295 ൽ ഒരു സീറ്റ് പോലും കുറയാൻ പോകുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
Discussion about this post