തിരുവനന്തപുരം: മലപ്പുറം കളകട്രേറ്റ് വളപ്പിലെ സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തുമെന്ന് തീവ്രവാദ സംഘടനയായ ബേസ് മൂവ് മെന്റിന്റെ പേരില്‍ ഭീഷണി സന്ദേശം. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് വാട്ട്സ് ആപ്പിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്.
അല്‍ ക്വയ്ദയുടെ കേരള ഘടകമായി പ്രവര്‍ത്തിക്കുന്ന ബേസ് മൂവ്മെന്റിന്റെ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാന പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു.
കൊച്ചി നാവിക ആസ്ഥാനം ഉള്‍പ്പെടെ സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങള്‍, സൈനിക സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസ്, പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ആക്രമണം നടത്തുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പു നല്കുന്നു. ബാബറി മസ്ജിദ് സംബന്ധിച്ച പരാമര്‍ശങ്ങളും ഭീഷണി സന്ദേശത്തില്‍ ഉണ്ടെന്നാണ് ലഭിച്ച വിവരം.ആഭ്യന്തര സുരക്ഷാ വിഭാഗവും സൈബര്‍ സെല്ലും അതീവ രഹസ്യമായാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ വിവരങ്ങള്‍ പോലീസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം ഭീഷണി സന്ദേശം സംബന്ധിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന പോലീസില്‍ നിന്നും ആരാഞ്ഞിട്ടുണ്ട്. വാട്ട്സ് ആപ്പ് സന്ദേശം ലഭിച്ച നമ്പരിന്റെ ഉറവിടം പോലീസ് പരിശോധിച്ചു. വ്യാജ മേല്‍വിലാസത്തിലെടുത്ത സിം കാര്‍ഡില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശാനുസരണം തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. മലപ്പുറം കളകട്രേറ്റ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബേസ് മൂവ്മെന്റ് എന്ന സംഘടനയാണെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം നടന്നു വരികയാണ്.
Discussion about this post