കണ്ണൂര്‍: തീവ്രവാദസംഘടനയായ ഐഎസ്സുമായി ബന്ധം ആരോപിച്ച് കനകമലയില്‍ നിന്ന് എന്‍.ഐ.എ അറസ്റ്റുചെയ്ത മന്‍സീദിന്റെ അണിയാരം പെരിങ്ങളം ഹെല്‍ത്ത് സെന്ററിന് സമീപത്തെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. പുലര്‍ച്ചെ ഒരു മണിയോടെയാണ് അക്രമം നടന്നത്.
മന്‍സീദിന്റെ മാതാപിതാക്കളും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ട് ഇവര്‍ എഴുന്നേല്‍ക്കുന്‌പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. വീട്ടിന്റെ മുന്‍ഭാഗത്തെ ജനല്‍ ഗ്‌ളാസുകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. വാഹനത്തിലാണോ അക്രമികള്‍ വന്നതെന്നോ എത്ര പേരുണ്ടായിരുന്നെന്നോ വീട്ടുകാര്‍ക്ക് അറിവില്ല. വിദേശത്ത് നിന്ന് നാട്ടിലെത്തിയ മന്‍സീദ് അറസ്റ്റിലായതിനെ തുടര്‍ന്ന് നാട്ടുകാരില്‍ പ്രതിഷേധമുണ്ടായിരുന്നു. കഴിഞ്ഞമാസം രണ്ടിനാണ് മന്‍സീദ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കശുമാവില്‍ തോട്ടത്തില്‍ രഹസ്യകൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു എന്‍.ഐ.എ സംഘം മന്‍സീദ് ഉള്‍പ്പെടെ അഞ്ചുപേരെ വളഞ്ഞിട്ട് പിടികൂടിയത്. കോയമ്പത്തൂര്‍ സ്വദേശി അബു ബഷീര്‍, തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദ്, മലപ്പുറം സ്വദേശി സഫ്വാന്‍, കോഴിക്കോട് സ്വദേശി ജാസിം എന്നിവരെയാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുറ്റ്യാടിയില്‍ നിന്ന് റംഷാദ് എന്ന യുവാവിനെയും പിടികൂടി. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരില്‍ നിന്ന് രണ്ടുപേരെ കൂടി പിടികൂടി.
കേരളത്തിലും തമിഴ്‌നാട്ടിലും യുവാക്കള്‍ ആയുധശേഖരം നടത്തുന്നതായി എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചിരുന്നു. എന്‍.ഐ.എ ചെന്നൈ യൂണിറ്റ് ഐ.ജി അനുരാജ് തങ്കിന്റെ നേതൃത്വത്തിലുള്ള ആറുപേരാണ് കനകമലയിലെത്തി യുവാക്കളെ പിടികൂടിയത്.
Discussion about this post