മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സര്‍ക്കാരിലെ എല്ലാ മന്ത്രിമാരുടെയും സ്വത്ത് വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് കഴിഞ്ഞ മാസം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
സ്വത്തുവകകളുടെ കാര്യത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഭാര്യയുമാണ് മുന്നിലുള്ളത്. 1.52 കോടി രൂപ വിലവരുന്ന ഭൂമിയാണ് ഇവരുടെ പേരില്‍ തിരുവനന്തപുരത്ത് വിവിധയിടങ്ങളിലായുളളത്. ഭാര്യയുടെ പേരില്‍ വാങ്ങിയതും പൈതൃകമായി ലഭിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ ടി.കമലയ്ക്കുമായി 87 ലക്ഷം വിലവരുന്ന ഭൂമിയും കെട്ടിടവുമാണുളളത്. ഭാര്യയുടെ പേരില്‍ 80 ഗ്രാം തൂക്കം വരുന്ന 2.2 ലക്ഷംരൂപ വിപണി മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളുമുണ്ട്. പിണറായി വിജയന്റെ കൈവശം 10000 രൂപയും ഭാര്യയുടെ കൈവശം രണ്ടായിരം രൂപയുമുണ്ട്. ഇതുകൂടാതെ വിവിധ ബാങ്കുകളിലായി 2.58ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. മലയാളം കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡില്‍ 30,000 രൂപ വിലവരുന്ന 3,000 ഷെയറുകളുണ്ട്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലും പിണറായി ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലും ഷെയറുകളുണ്ട്. ഭാര്യ കമലയ്ക്കാകട്ടെ പെന്‍ഷനായി പ്രതിമാസം 23,069 രൂപ ലഭിക്കുന്നുണ്ട്.
വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനും ഭാര്യയ്ക്കുമായി 94.83 ലക്ഷം രൂപയുടെ ആസ്തിയാണുളളത്. മന്ത്രി എ.കെ ബാലനാകട്ടെ 23.23 ലക്ഷം രൂപയുടെ നിക്ഷേപം വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായുണ്ട്. കൂടാതെ ഭാര്യയുടെ പേരില്‍ 25 ലക്ഷം രൂപ മതിപ്പുവില വരുന്ന ഭൂമിയും കുടുംബ ഓഹരിയായി 11ലക്ഷം രൂപയുടെ ഭൂമിയുമുണ്ട്.
ധനമന്ത്രി തോമസ് ഐസക്കിന്റെ പേരില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി 5.03 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. മന്ത്രി ഇ. ചന്ദ്രേശഖരന്റെ പേരില്‍ പൈതൃകമായി കിട്ടിയ ഭൂമിക്കും സ്വത്തിനും 15 ലക്ഷം രൂപയുടെ മൂല്യമുണ്ട്. കൂടാതെ 6.63 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവുമുണ്ട്.
കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന് കുടുംബസ്വത്തായി ലഭിച്ച 32 ലക്ഷത്തിന്റെ വീടും ഭൂമിയുമാണുളളത്. ഇതുകൂടാതെ ഭാര്യയുടെ കൈവശം 129.5 ഗ്രാം സ്വര്‍ണവുമുണ്ട്.
മന്ത്രി കെ.ടി ജലീലിന് 57.5 ലക്ഷം രൂപയുടെ ഭൂസ്വത്തും ഭാര്യയ്ക്കും 18.26 ലക്ഷം രൂപയുടെ സ്വത്തുമാണുളളത്. സര്‍ക്കാരിലെ എല്ലാ മന്ത്രിമാരുടെയും സ്വത്ത് വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് കഴിഞ്ഞമാസമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
Discussion about this post