തിരുവനന്തപുരം: അന്തരിച്ച കേരളാ നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയനെ രാഷ്ട്രീയ നേതാക്കള്‍ നിയമസഭയില്‍ അനുസ്മരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ,ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, മറ്റു കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ കാര്‍ത്തികേയനെ അനുസ്മരിച്ചു. സ്പീക്കറെ അനുസ്മരിക്കുന്നതിനിടെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് വികാരാധീനനായിരുന്നു.
ജി.കാര്ത്തികേയന് അന്തരിച്ചതോടെ കേരളരാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യത്തെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചട്ടങ്ങളുടെ ചാട്ടവാറുകളെക്കാള് സ്നേഹപൂര്‍വമുള്ള ശാസനകളാണ് സ്പീക്കര്‍ എന്ന നിലയില്‍ കാര്ത്തികേയന് ഇഷ്ടപ്പെട്ടത്. അതുകൊണ്ടു തന്നെ ഭരണ പ്രതിപക്ഷാംഗങ്ങളുടെ സ്നേഹത്തിനും ആദരവിനും പാത്രമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ സമ്മേളനം കാര്‍ത്തികേയനു ചരമോപചാരം അര്‍പ്പിച്ച ശേഷം ഇന്നത്തേക്ക് പിരിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലെ നടപടിക്രമങ്ങള്‍ ഉച്ചയ്ക്ക് 12.30ന് ചേരുന്ന കാര്യോപദേശക സമിതി യോഗം തീരുമാനിക്കും. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ വൈകുന്നേരം മൂന്നിനു നിയമസഭാ മെംബേഴ്സ് ലോഞ്ചിലും യോഗം ചേരും. മുഖ്യമന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, കക്ഷിനേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
Discussion about this post