തൊടുപുഴ: അസാധുവാക്കിയ നോട്ടുകള്‍ മാറാനായി ആയിരക്കണക്കിന് പേര് ബാങ്കുകളില്‍ ക്യൂ നില്ക്കുമ്പോള് ഇടത് പക്ഷ അനുകൂല ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബെഫി സംസ്ഥാന സമ്മേളനം നടക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.ബാങ്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ നടക്കുന്ന സമ്മേളനത്തില്‍ നൂറ് കണക്കിന് പേരാണ് പങ്കെടുക്കുന്നത്. ഇത് മൂലം ബാങ്കിന്റെ ഒരു പ്രവര്‍ത്തനവും തടസ്സപ്പെടില്ല എന്ന സിഐടിയും നേതാവ് എളമരം കരീമിന്റെ പ്രസ്താവനക്കെതിരെയും പ്രതിഷേധം ഉയരുകയാണ്.
മോദിയോട് ചോദിച്ച് സമ്മേളം സംഘടിപ്പിക്കാനാവില്ലെന്നാണ് ഒരു ബെഫി നേതാവിന്റെ പ്രതികരണം. നോട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെയും ചില നേതാക്കള്‍ ചാനലുകളില്‍ പരസ്യപ്രതിഷേധം നടത്തി.
സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനം പോലും മാറ്റിവെക്കാന്‍ സിഐടിയു നേതൃത്വം സമ്മതിക്കാത്തതില്‍ ബാങ്കിംഗ് മേഖലയില്‍ തന്നെ എതിര്‍പ്പുകളുണ്ട്. രാജ്യത്തെ എല്ലാം ബാങ്ക് ജീവനക്കാരും ബാങ്കുകളില്‍ കഠിനമായി ജോലി ചെയ്യുമ്പോള്‍ കേരളത്തിലെ ഇടത്പക്ഷ അനുകൂല ജീവനക്കാര്‍ അതെല്ലാം അവഗണിച്ച് സമ്മേളന വേദിയില്‍ ഇരിക്കുന്നത് രാഷ്ട്രത്തോടും ജനങ്ങളോടും ഉള്ള വെല്ലുവിളിയാണെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു. ജനങ്ങളെക്കാളും രാജ്യത്തേക്കാളും ഇവര്‍ക്ക് വലുത് സംഘടനയാണെന്ന പരിഹാസം സോഷ്യല്‍ മീഡിയകളിലും ഉയരുന്നുണ്ട്.
തൊടുപുഴയില്‍ ഇന്നും നാളെയും ആയി നടക്കുന്ന സമ്മേളനം മാറ്റി വെക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന് ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഞായറാഴ്ചയും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ റിസര്‍വ്വ് ബാങ്കും, കേന്ദ്രസര്‍ക്കാരും നിര്‍ദ്ദേശം നല്‍കിയിരുന്നു. ബാങ്ക് ജീവനക്കാരില്‍ ഭൂരിപക്ഷവും വളരെ അനുകൂല സമീപനമാണ് ഇത്തരം നിര്‍ദ്ദേശങ്ങളോട് പുലര്‍ത്തുന്നത്. ബാങ്കിംഗ് മേഖലയ്ക്കും രാജ്യത്തിനും ഏറെ കരുത്ത് പകരുന്ന തീരുമാനത്തില്‍ സര്‍ക്കാരിനൊപ്പം നില്ക്കാന് എല്ലാവര്ക്കും ബാധ്യതയുണ്ടെന്ന് ബാങ്ക് ജീവനക്കാരില്‍ ചിലര്‍ പ്രതികരിച്ചു. ഈ ഘട്ടത്തില്‍ ചില സംഘടനകളില്‍ നിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ മറ്റ് ജീവനക്കാര്‍ക്ക് കൂടി അപമാനമാണെന്ന് ഇവര്‍ പറയുന്നു.
Discussion about this post