ധാക്ക: മൂന്ന് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ബംഗ്ളാദേശില്‍ ഹിന്ദുസമൂഹം ഇല്ലാതാകുമെന്ന് പഠനം. പ്രസിദ്ധ സാമ്പത്തിക വിദഗ്ദ്ധനും ഗവേഷകനുമായ ഡോ. അബ്ദുള്‍ ബര്ഖാത് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍. അബ്ദുള്‍ ബര്ഖാതിന്റെ പ്രസിദ്ധീകൃതമായ പുതിയ പുസ്തകത്തിലാണ് പഠനം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കഴിഞ്ഞ 49 വര്‍ഷമായുള്ള ഹിന്ദു സമൂഹത്തിന്റെ പലായനത്തെക്കുറിച്ചുള്ള പഠനത്തില്‍ നിന്നാണ് ഈ വിവരം ലഭ്യമായത്.
1964 മുതല്‍ 2013 വരെയുള്ള കാലത്ത് ഒന്നേകാല്‍ കോടിയോളം ഹിന്ദുക്കള്‍ ബംഗ്ളാദേശില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്. മതപരമായ വിവേചനവും വംശീയ ആക്രമണങ്ങളുമാണ് പലായനത്തിന് കാരണം. ഒരു ദിവസം ശരാശരി 632 ഹിന്ദുക്കളാണ് ബംഗ്ളാദേശില്‍ നിന്ന് കൂട്ടപ്പലായനം ചെയ്യുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ തോത് ഒരു ദിവസം 774-ല്‍ എത്തിയിട്ടുണ്ട്. പാക് ഭരണകാലത്ത് ഹിന്ദുക്കളുടെ സ്വത്തുക്കള്‍ ശത്രുസ്വത്ത് എന്ന പേരില്‍ വന്‍ തോതിലാണ് കണ്ടുകെട്ടിയത്. 1971-ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും ഈ സ്വത്തുക്കള്‍ സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തി. ഇത് അറുപത് ശതമാനത്തോളം ഹിന്ദുക്കളെ ഭൂമിയില്ലാത്തവരാക്കിയെന്നും പുസ്തകം വ്യക്തമാക്കുന്നു. ന്യൂന്പക്ഷങ്ങള്ക്ക് ഭൂമി ഉറപ്പാക്കിയില്ലെങ്കില്‍ ബംഗ്ളാദേശിലെ ഹിന്ദു സമൂഹം ഉന്മൂലനം ചെയ്യപ്പെടുമെന്നും പുസ്തകത്തില്‍ പറയുന്നു. വിഭജനത്തിനു ശേഷം പാകിസ്ഥാനിലെ ന്യൂനപക്ഷ ഹിന്ദു സമൂഹം അതി ഭീകരമായ കൂട്ടക്കൊലകളും ഉന്മൂലനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
1971-ല്‍ ബംഗ്ളാദേശ് വിമോചന സമരകാലത്തും അതിനു ശേഷം ഹിന്ദു സമൂഹത്തിന്റെ സ്ഥിതി വ്യത്യസ്തമല്ല. ഈയടുത്ത് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഹിന്ദുക്കള്‍ക്കെതിരെ ആരംഭിച്ച കലാപം ആഴ്ചകളോളം നീണ്ടുനിന്നു. നിരവധി ഹിന്ദുക്കള്‍ക്ക് വീടും വസ്തുവകകളും നഷ്ടമായി. ഹിന്ദുസമൂഹത്തെ സംരക്ഷിക്കുമെന്ന് ഷേഖ് ഹസീന സര്‍ക്കാര്‍ വാക്കു നല്കുമ്പോഴും നേരെ വിപരീതമായ അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.
Discussion about this post