ന്യൂഡൽഹി : കസാക്കിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. അദ്ദേഹത്തിന് പകരമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ത്യൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകും. ജൂലൈ 3, 4 തീയതികളിലായി നടക്കുന്ന ഉച്ചകോടിക്കായി പ്രധാനമന്ത്രി കസാക്കിസ്ഥാൻ സന്ദർശിക്കുമെന്ന് നേരത്തെ സ്ഥിരീകരിച്ചതായിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ത്യയിൽ നിന്നും ഉള്ള ഒരു പ്രത്യേക മുൻകൂർ സുരക്ഷാ സംഘം കസാക്കിസ്ഥാനിൽ സന്ദർശനം നടത്തിയിരുന്നു. എന്നാൽ പ്രധാനമന്ത്രി എന്തുകൊണ്ടാണ് കസാക്കിസ്ഥാൻ സന്ദർശനം ഒഴിവാക്കിയത് എന്നുള്ളതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നൽകിയിട്ടില്ല. ഇന്ത്യയിൽ പാർലമെന്റ് സമ്മേളനം നടക്കുന്നതിനാലും ചൈനയുമായുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങളും കാരണമാണ് പ്രധാനമന്ത്രി എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന തീരുമാനത്തിൽ നിന്നും പിന്മാറാൻ കാരണമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഉച്ചകോടിയിൽ പങ്കെടുക്കും എന്നുള്ള വിവരം പ്രസിഡണ്ട് കാസിം ജോമാർട്ട് ടോകയേവിനെ ഇന്ത്യ അറിയിച്ചതായി എംഇഎ വ്യക്തമാക്കി. ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിംഗ്, പാകിസ്താൻ പ്രസിഡണ്ട് ഷഹബാസ് ഷെരീഫ് എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നതായിരിക്കും. ഇന്ത്യ, ചൈന, ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, പാകിസ്താൻ, റഷ്യ, താജികിസ്ഥാൻ, ഉസ്ബെകിസ്ഥാൻ എന്നിവയാണ് എസ് സി ഒ അംഗരാജ്യങ്ങൾ.








