ന്യൂയോര്‍ക്ക്: തീവ്രവാദ സംഘടനയായ ഐഎസില്‍ ചേരുന്നതിന് വേണ്ടി വിദേശത്തേക്ക് പോവാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരനെ അമേരിക്കയിലെ ഡിസ്ട്രിക് ജഡ്ജി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. മുഹമ്മദ് ഹംസ ഖാന് എന്ന ഇരുപത്തിയൊന്നുകാരനെയാണ് കോടതി ശിക്ഷിച്ചത്. ശിക്ഷാകാലവധിക്ക് ശേഷം 20 വര്‍ഷം വരെ യുവാവ് കോടതിയുടെ നിരീക്ഷണത്തില്‍ ആയിരിക്കുമെന്നും ജഡ്ജി വ്യക്തമാക്കി.
2014-ലാണ് മുഹമ്മദ് ഹംസ ഖാന് പിടിയിലായത്. ഐഎസില്‍ ചേരുന്നതിന് വേണ്ടി അമേരിക്കയില്‍ നിന്ന് സഹോദരിക്കൊപ്പം വിയന്നയിലേക്കും അവിടെ നിന്ന് ഇസ്താബുളിലേക്കും കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഒ ഹെയര്‍ വിമാനത്താവളത്തില്‍ ഖാന് അറസ്റ്റിലായത്. എഫ്.ബി.ഐ ചോദ്യം ചെയ്തെങ്കിലും ഖാനിനെതിരെ അന്ന് കുറ്റം ചുമത്തിയിരുന്നില്ല. അന്നു മുതല്‍ പൊലീസ് കസ്റ്റഡിയില്‍ ആയിരുന്നു ഖാന്.
വിചാരണക്കാലയളവിലെ കസ്റ്റഡി ശിക്ഷാകാലാവധി ആയി കണക്കാക്കുമെന്നതിനാല്‍ അടുത്ത വര്‍ഷം ആഗസ്റ്റോടെ ഖാന് മോചിതനാവും. 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഖാന് ചെയ്തതെന്ന് ജഡ്ജി പറഞ്ഞു. എന്നാല്‍, ചെറുപ്പമായതിനാല്‍ തെറ്റ് തിരുത്താന്‍ ഒരവസരം കൂടി നല്‍കുകയാണെന്നും കോടതി പറഞ്ഞു. പൊതുമദ്ധ്യത്തില്‍ തല വെട്ടേണ്ട കുറ്റമാണ് അയാള്‍ ചെയ്തതെന്ന് പറഞ്ഞ കോടതി, അതിന് പകരം പൊതുവിചാരണയാണ് നടത്തിയതെന്നും രണ്ടര മണിക്കൂര്‍ നീണ്ട വിചാരണയ്ക്കിടെ ജഡ്ജി വ്യക്തമാക്കി. നിങ്ങള്‍ ശത്രുവായി കാണുന്ന സര്‍ക്കാര്‍ നിങ്ങളെ കൊല്ലാന്‍ ശ്രമിച്ചില്ല, പകരം സഹായിക്കുകയാണ് ചെയ്തതെന്നും കോടതി പറഞ്ഞു.
Discussion about this post