ഡല്‍ഹി: നിലപാടുകളില്‍നിന്ന് പിന്‍മാറുന്ന പതിവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്തത്തിലില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി വെങ്കയ്യ നായിഡു. ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളുടെ അസൗകര്യം കണക്കിലെടുത്ത് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ നടപടി പിന്‍വലിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കവെയാണ് വെങ്കയ്യ നായിഡു ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള എന്തെങ്കിലും നടപടി ഉണ്ടാകാനുള്ള സാധ്യത വെങ്കയ്യ നായിഡു പാടെ തള്ളിക്കളഞ്ഞു. എന്ത് സാഹചര്യം ഉരുത്തിരിഞ്ഞാലും ഈ തീരുമാനം പിന്‍വലിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. ഡല്‍ഹിയില്‍ ഒരു യോഗത്തില്‍ സംസാരിക്കുമ്പോഴാണ് വെങ്കയ്യ നായിഡു ഇക്കാര്യം അറിയിച്ചത്.
നോട്ടുകള്‍ അസാധുവാക്കിയ നടപടി നിമിത്തം ജനങ്ങള്‍ക്കുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു പറഞ്ഞ നായിഡു, ഈ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ആവശ്യപ്പെട്ടു. പുതിയ സംഭവവികാസങ്ങളെ ‘നോട്ടു നിരോധനം’ എന്ന് വിളിക്കുന്ന രീതി മാറണമെന്നും പകരം ‘നോട്ടു മാറിയെടുക്കല്‍’ എന്ന പേരില്‍ വേണം ഇതിനെ വിശേഷിപ്പിക്കാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയ്ക്കുള്ള സമ്മതം അറിയിച്ചിട്ടും അതിന് തയാറാകാതെ അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം വിമര്‍ശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ നോട്ട് അസാധുവാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നോട്ടു പ്രതിസന്ധിക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുഴഞ്ഞുവീണും മറ്റുമായി മരിച്ചവരെ ഉറിയിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരുമായി താരതമ്യപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമങ്ങളെയും മന്ത്രി വിമര്‍ശിച്ചു. ഇതു തീര്‍ത്തും ലജ്ജാകരവും ദൗര്‍ഭാഗ്യകരവുമായ നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തെ അനാവശ്യമായി രാഷ്ട്രീയവല്‍ക്കരിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം നായിഡു ചൂണ്ടിക്കാട്ടി.
Discussion about this post