മുംബൈ: പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി പ്രകാരം തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്. ഇനിമുതല്‍ മാസം പതിനായിരം രൂപ വീതം മാത്രമേ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കൂ. ജന്‍ധന്‍ അക്കൗണ്ടുകളുടെ ദുരുപയോഗം ചെയ്ത് കള്ളപ്പണം വെളുപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തടയാനാണ് പുതിയ നടപടിയെന്നും ആര്‍ബിഐ വിശദീകരിക്കുന്നു.
10000 രൂപ പരിധികഴിഞ്ഞുള്ള തുക പിന്‍വലിക്കുന്നതിന് ജന്‍ധന്‍ അക്കൗണ്ട് ഉടമയുടെ രേഖകള്‍ ബാങ്ക് മാനേജര്‍ പരിശോധിച്ച് ഇടപാടുകള്‍ നിയമവിധേയമാണെന്ന് ബോധ്യപ്പെട്ടണം. പാവപ്പെട്ട കര്‍ഷകരേയും ഗ്രാമീണരേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരമെന്നാണ് ആര്‍ബിഐ പറയുന്നത്.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച ശേഷമുള്ള രണ്ടാഴ്ച്ച കൊണ്ട് ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് 27,200 കോടി രൂപയാണ് ഒഴുകിയെത്തിയത്. നിലവില്‍ 72,834.72 കോടി രൂപയാണ് ജന്‍ധന്‍ അക്കൗണ്ടുകളില്‍ ഉള്ളത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കപ്പെട്ട നവംബര്‍ എട്ട് വരെ 45,636.61 കോടി രൂപയായിരുന്നു ജന്‍ധന്‍ അക്കൗണ്ടുകളിലുണ്ടായിരുന്നത്. ജന്‍ധന്‍യോജന പദ്ധതി 25.68 കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത്.
അതേസമയം ആകെയുള്ള ജന്‍ധന്‍ അക്കൗണ്ടുകളില്‍ 23 ശതമാനവും ഇപ്പോഴും സീറോ ബാലന്‍സിലാണ്.
Discussion about this post