തിരുവനന്തപുരം: ചുരിദാറിന് മേല്‍ മുണ്ട് ഉടുത്ത് കയറുന്നത് പരിഹാസജനകം. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ചുരിദാര്‍ പ്രവേശത്തിന് രാജകുടുംബാംഗം ലക്ഷ്മി ഭായ് തമ്പുരാട്ടി തന്നെ പിന്തുണ അറിയിച്ചതായി എക്സിക്യൂട്ടിവ് ഓഫിസര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
ചുരിദാര്‍ ധരിച്ചുകൊണ്ടുള്ള പ്രവേശനം അനുവദിക്കണമെന്നും ഇപ്പോഴും ദോത്തി ധരിച്ചുമാത്രം പ്രവേശനം അനുവദിക്കുകയെന്നുള്ളത് പരിഹാസ്യമാണെന്നുമായിരുന്നു ലക്ഷ്മിഭായ് തമ്പുരാട്ടിയുടെ പ്രതികരണം. വിഷയത്തെ അനുകൂലിച്ച് ചുരിദാര്‍ ധരിച്ചുള്ള പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരുന്നൂറോളം ഇമെയിലുകള്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ലഭിച്ചുവെന്നും പ്രസ്താവനയില്‍ വ്യക്തമാണ്.
എവിടത്തേയും പോലെ കാലോചിതമായ മാറ്റങ്ങള്‍ പുരാതനമായ പത്മനാഭസ്വാമി ക്ഷേത്രത്തിലും നടപ്പിലാക്കണമെന്ന് കാണിച്ചാണ് റിയ രാജിയെന്ന അഭിഭാഷക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ക്ഷേത്രത്തിലെ പല ആചാരങ്ങളിലും രീതികളിലും കാലോചിതമായ മാറ്റങ്ങള്‍ നടപ്പാലാക്കിയിട്ടുണ്ടെന്ന വസ്തുതകള്‍ നിരത്തിയാണ് റിയ രാജി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ എണ്ണയൊഴിച്ച് തിരിയിട്ട വിളക്കുകളാണ് ക്ഷേത്രത്തിനു ചുറ്റും കത്തിച്ചു വയ്ക്കാറുള്ളതെങ്കില് ഇന്ന് ആ രീത കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമായി ഇലക്ട്രോണിക് ദീപാലങ്കാരങ്ങളിലേക്ക് മാറിയെന്നും ഇപ്പോള്‍ വൈദു്യൂതക വിളക്കുകള്‍ ക്ഷേത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത അലങ്കാരമായി മാറി, ക്ഷേത്രത്തിനകത്തും പരിസരങ്ങളിലും മൊബൈല്‍, ക്യാമറ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്ക് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ വിനോദ സഞ്ചാരികളടക്കമുള്ള ഭക്തര്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് പ്രഖ്യാപിച്ചുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിനു വിധേയമായി ക്യാമറയടക്കമുള്ള ഉപകരണങ്ങള്‍ ക്ഷേത്രത്തിനു സമീപം ഉപയോഗിക്കാന്‍ അനുവാദം നല്കി, ക്ഷേത്രത്തിലേക്ക് ആറ് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വിശേഷപ്പെട്ട ചടങ്ങില്‍ ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള രീതികള്‍ എന്നിങ്ങനെ നിരവധി വാദങ്ങളുയര്‍ത്തിയാണ് ഹര്‍ജിക്കാരി തന്റെ വാദം നിരത്തിയിരിക്കുന്നത്.
ഇത്തരത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെങ്കില്‍ സ്ത്രീകള്‍ക്ക് വസ്ത്രധാരണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണമെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. ലോകത്തുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ ദോത്തി ധരിച്ച് പ്രവേശിക്കണമെന്ന് നിര്‍ബന്ധമുള്ള ഏക ക്ഷേത്രം പത്മനാഭസ്വാമി ക്ഷേത്രമാണെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. മുണ്ട് ഉടുക്കുന്നതു വഴി സ്ത്രീ ഭക്തര്‍ക്ക് അധിക ചെലവും ഒരാള്‍ ഉപയോഗിച്ചതിനു ശേഷം വൃത്തിയാക്കാതെയുള്ള മുണ്ട് ധരിക്കേണ്ട ബുദ്ധിമുട്ടും ഉണ്ടാവുന്നുവെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നുണ്ട്.
സ്ത്രീപ്രവേശനത്തിന് മുണ്ട് ധരിക്കുന്നതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ഓഫീസര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇതില്‍ രാജകുടുംബാംഗമായ ലക്ഷ്മി ഭായ് തമ്പുരാട്ടി വിഷയത്തെ അനുകൂലിച്ചാണ് പ്രതികരിച്ചിരിക്കുന്നത്.
Discussion about this post