ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്തെ വ്യാപാര വ്യവസായ മേഖലയ്ക്കു പുത്തന്‍ ഉണര്‍വു ലഭിക്കുമെന്നു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇതുമൂലം രാജ്യത്തെ ജനങ്ങളുടെ ജീവിതരീതിയില്‍പ്പോലും വന്‍ മാറ്റങ്ങള്‍ പ്രത്യക്ഷമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡല്‍ഹിയില്‍ ഒരു മാധ്യമ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) നോട്ട് അസാധുവാക്കല്‍ നടപടി സൃഷ്ടിച്ചേക്കാവുന്ന അനന്തരഫലങ്ങള്‍ ഈ ഘട്ടത്തില്‍ തിട്ടപ്പെടുത്താനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, ഒരു വന്‍മാറ്റത്തിനാണു രാജ്യം തയാറെടുക്കുന്നതെന്ന കാര്യം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. ജിഡിപിയുടെ കാര്യത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നാം വന്‍ കുതിച്ചുചാട്ടം തന്നെ കൈവരിക്കുമെന്നാണു പ്രതീക്ഷ. ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം, ഈ വര്‍ഷവും ഇന്ത്യ നിലനിര്‍ത്തുമെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു. നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തിന്റെ ജിഡിപിയില്‍ രണ്ടു ശതമാനം കുറവുവരുത്തുമെന്ന് മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നോട്ട് അസാധുവാക്കല്‍ നടപടിയുടെ പ്രാരംഭ ഘട്ടത്തില്‍ ചില ബുദ്ധിമുട്ടുകള്‍ സ്വാഭാവികമാണ്. ഈ ക്ലേശങ്ങളെ അതിശയോക്തി കലര്‍ത്തി കാണേണ്ടതില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഈ നീക്കത്തിനു വന്‍ മെച്ചമാകും ഉണ്ടാകുക ജെയ്റ്റ്‌ലി പറഞ്ഞു. ഭാവിയില്‍ പണമിടപാടുകള്‍ക്കായി പേപ്പര്‍ കറന്‍സി ഉപയോഗിക്കുന്നതില്‍ കാര്യമായ കുറവു വരുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
ചെറിയ മൂല്യമുള്ള നോട്ടുകള്‍ അച്ചടിക്കാന്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അച്ചടിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ആവശ്യമാണെന്നു ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. വിപണിയില്‍ പുതിയ 500 രൂപാ നോട്ടുകളെ അപേക്ഷിച്ച് 2000 രൂപാ നോട്ടുകള്‍ കൂടുതല്‍ ലഭ്യമാകാന്‍ കാരണം ഇതാണെന്നും അദ്ദേഹം അറിയിച്ചു. നവംബര്‍ എട്ടിന് (500, 1000 രൂപാ നോട്ടുകള്‍ അസാധുവായതിന്റെ തലേദിവസം) രാജ്യത്ത് ഉണ്ടായിരുന്ന അത്രയും പേപ്പര്‍ കറന്‍സി ഇനി ഒരിക്കലും ഇവിടെ ഉണ്ടാകില്ല. പണമിടപാടുകള്‍ കറന്‍സി രഹിതമാക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം. നോട്ട് അസാധുവാക്കലും അതിന്റെ അനന്തര നടപടികളും പൂര്‍ത്തിയാകുന്നതോടെ അത് ഇന്ത്യന്‍ വ്യവസായ മേഖലയെയും രാജ്യത്തെ ആളുകളുടെ ജീവിതരീതിയെയും വന്‍തോതില്‍ മാറ്റിമറിക്കുമെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു. കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ വളര്‍ച്ച കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. സാങ്കേതിക മേഖലയില്‍ വരുന്ന മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കുമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post