തിരുവന്തപുരം: മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുകയല്ല തിരുത്തുകയാണ് വേണ്ടതെന്ന് ഭരണ കമ്മീഷന് ചെയര്മാന് വി.എസ് അച്ച്യുതാനന്ദന്. നിലമ്പൂര്‍ മാവോയിസ്റ്റ് കൊലയുടെ പശ്ചാത്തലത്തിലാണ് വി.എസ് നിലപാട് വ്യക്തമാക്കിയത്. നേരത്തെ ഈ വിഷയത്തില്‍ വി.എസ് അച്ച്യുതാനന്ദന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.
കത്തില്‍ നിലമ്പൂരിലെ ഏറ്റുമുട്ടല്‍ കൊലയെ വിമര്‍ശിക്കുകയാണ് വി.എസ് ചെയ്തത്. കത്തിനെതിരെ പിണറായി വിജയന് നേരിട്ട് പ്രതികരണം നടത്തിയില്ലെങ്കിലും പരോക്ഷമായ മറുപടി നല്കി. പൊലീസിന്റെ മനോവീര്യം തകര്‍ക്കുന്ന നടപടികള്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലയില്‍ പൊലീസിനെതിരെ ഘടകകക്ഷികളില്‍ നിന്നു പോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പിണറായി നിലപാട് വ്യക്തമാക്കിയത്.
നവംബര്‍ 24-നാണ് പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ നിലമ്പൂര്‍ വനത്തില്‍ വെച്ച് മാവോയിസ്റ്റുകളായ കുപ്പു ദേവരാജനും അജിതയും കൊല്ലപ്പെട്ടത്.
പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ച് ലേഖനം എഴുതിയതിന് പിന്നാലെയാണ് വിഎസിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
Discussion about this post