ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ എട്ടിന് രാത്രി നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് നാല് മണിക്കൂറിനുള്ളില്‍ ഡല്‍ഹിയിലെ ഒരു സ്വര്‍ണക്കടയില്‍ വിറ്റത് 75 കോടിയുടെ സ്വര്‍ണം. കുന്ദന്‍ കെയര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്റെ ചാന്ദ്നി ചൗക്കിലെ വ്യാപാരകേന്ദ്രത്തില്‍ നിന്ന് 200-250 കിലോഗ്രാം സ്വര്‍ണമാണ് രാത്രി എട്ടിനും 12നും ഇടയ്ക്ക് വിറ്റുപോയത്.
രണ്ടുലക്ഷം രൂപയില്‍ താഴെയുള്ള വില്പനകളാണ് ഇവിടെ അധികവും നടന്നത്. അതിനാല്‍ ഉപഭോക്താക്കളുടെ പാന്‍ വിവരങ്ങളും ലഭ്യമല്ല. സംശയാസ്പദമായ ഈ വ്യാപാരങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ആദായനികുതി വകുപ്പ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കൈമാറിയിട്ടുണ്ട്.
നോട്ട് അസാധുവാക്കിയതിന് ശേഷം നടന്ന സംശയാസ്പദമായ വ്യാപാരങ്ങളെല്ലാം ആദായനികുതി വകുപ്പ് പരിശോധിച്ചുവരികയാണ്. പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യവ്യാപകമായി സ്വര്‍ണക്കടകളില്‍ വന്‍ വില്പനയാണ് നടന്നത്.
Discussion about this post