തിരുവനന്തപുരം: തനിക്കെതിരായ അന്വേഷണത്തിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറയി വിജയനും ചീഫ് സെക്രട്ടറിക്കും കത്ത് നല്കി. ശത്രുതാ മനോഭാവത്തോടെയാണ് ധനകാര്യ വകുപ്പ് തനിക്കെതിരെ അന്വേഷണം നടത്തുന്നതെന്നും താന്‍ മുമ്പ് ജോലി ചെയ്ത വകുപ്പുകളിലെ ഫയലുകള്‍ പരിശോധിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു.
മറ്റ് വകുപ്പുകളോടൊന്നും ഇല്ലാത്ത താത്പര്യം താന്‍ ജോലി ചെയ്ത വകുപ്പുകളോട് മാത്രം ധനകാര്യ പരിശോധനാ വിഭാഗം കാണിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയി ജോലി ചെയ്ത സമയത്ത് നടന്ന ക്രമക്കേടുകളും ഉപകരണങ്ങള്‍ വങ്ങിയതിലെ വീഴ്ചയും ധനകാര്യ സെക്രട്ടറി കെ.എം എബ്രഹാമിന്റെ നേതൃത്വത്തില്‍ വിശദമായി പരിശോധിച്ചിരുന്നു. അന്വേഷണത്തില്‍ ജേക്കബ് തോമസിനെതിരെ ഗുരുതരമായ കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
Discussion about this post