ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ‘കോഹിനൂര്‍ രത്ന’മായിരുന്നെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. 96-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ പരാജയപ്പെട്ടതിന് പ്രധാന കാരണം താനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ നടികര്‍ സംഘം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ജയലളിതക്കും ചോ എസ്. രാമസ്വാമിക്കും സ്മരണാഞജലിയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1996ലെ തെരഞ്ഞെടുപ്പില്‍ ജയലളിതക്കെതിരെ രജനികാന്ത് നടത്തിയ പരമാര്‍ശവും സംഭവങ്ങളും അദ്ദേഹം ഓര്‍മിച്ചു. ‘ഞാന്‍ അവരെ വേദനിപ്പിച്ചിട്ടുണ്ട്. അവരുടെ പാര്‍ട്ടിയുടെ തോല്‍വിക്കു പ്രധാനകാരണം ഞാനായിരുന്നു’ രജനീകാന്ത് പറഞ്ഞു. ‘ജയലളിതയുടെ അണ്ണാ ഡി.എം.കെ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ തമിഴ്നാടിനെ രക്ഷിക്കാന്‍ ദൈവത്തിനുപോലും കഴിയില്ല’ എന്നായിരുന്നു രജനികാന്തിന്റെ പ്രസ്താവന. രജനികാന്തിന്റെ വാക്കുകള്‍ക്ക് ജനങ്ങളില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ പരാജയപ്പെട്ടു.
എന്നാല്‍ പിന്നീട് ജയലളിത സുവര്‍ണ ഹൃദയത്തോടെ തമിഴ്നാടിന്റെ നേതാവായി തെളിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ജീവിതത്തിലെ വെല്ലുവിളികളായിരുന്നു ജയലളിതയെ വളര്‍ത്തിയെടുത്തത്. അത് തന്നെയായിരുന്നു അവരുടെ വിജയത്തിന്റെ രഹസ്യം’ രജനികാന്ത് പറഞ്ഞു. ഒരു ജനതയുടെ സ്നേഹവും ആരാധനയും ഏറ്റുവാങ്ങി ഒരു കോഹിനൂര്‍ രത്നം പോലെയാണ് ഇന്ന് എം.ജി.ആര് സ്മൃതി മണ്ഡപത്തിന് സമീപം ജയലളിത വിശ്രമിക്കുന്നതെന്നും രജനികാന്ത് പറഞ്ഞു.
പുരുഷാധിപത്യം നിലനില്‍ക്കുന്ന സമൂഹത്തിലെ എല്ലാത്തരത്തിലുള്ള ബുദ്ധിമുട്ടുകളെയും പ്രതിബന്ധങ്ങളെയും മറികടന്ന് ജയലളിത അവരുടേതായ പാത തീര്‍ത്തുവെന്നും രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയ ഗുരു എം.ജി രാമചന്ദ്രന്റെ യശസ്സിനെ പോലും മറിടന്നുകൊണ്ടാണ് ജയലളിത മുന്നേറിയത്. അവര്‍ നേരിട്ട പ്രതികൂല സാഹചര്യങ്ങളും വെല്ലുവിളികളും ജയയുടെ തിളക്കം വര്‍ധിപ്പിച്ചെന്നും രജനീകാന്ത് പറഞ്ഞു.
Discussion about this post