രാജ്യത്ത് സിനിമകള്‍ക്ക് നേരെ മതമൗലികവാദ ഗ്രൂപ്പുകളും രാഷ്ട്രീയ പാര്‍ട്ടികളും അസഹിഷ്ണുതാ വാദവും പ്രതിഷേധവും ഉയര്‍ത്തുന്നത് വര്‍ധിക്കുകയാണ്. ഷാരൂഖ് ഖാന് നായകനായ റയീസ് എന്ന സിനിമയാണ് മതവിഭാഗങ്ങളുടെ അസഹിഷ്ണുതയ്ക്ക് പുതിയ ഇര. ചിത്രം തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ ഉള്‍പ്പെട്ടതാണെന്ന് കാട്ടി ഷിയാ സുന്നി വിഭാഗം മയൂര്‍ വിഹാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഷിയാ സുന്നി വിഭാഗത്തിന്റെ മതവിശ്വാസങ്ങളെ ഹനിക്കുന്ന രീതിയിലുള്ള രംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടാണ് നിര്‍മ്മാതാവിനും സംവിധായകനും എതിരെ പരാതി നല്‍കിയിരിക്കുന്നത്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനും ഫര്ഹാന് അക്തറും റിതേഷ് സിദ്വാനിയും നേതൃത്വം നല്കുന്ന എക്സല്‍ എന്റര്ടെയിന്മെന്റമാണ് റയീസിന്റെ നിര്‍മ്മാതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സെന്‍സര്‍ ബോര്‍ഡിനും ഇതേ ആവശ്യമുന്നയിച്ച് പരാതി നല്‍കിയിട്ടുണ്ട്.
റയീസ് ട്രെയിലറില്‍ ഷാരൂഖ് ഖാന് കെട്ടിടത്തിന് മുകളിലൂടെ ചാടുന്ന രംഗത്തില്‍ തങ്ങളുടെ ആരാധനായത്തെയും ഷാഹീ മുബാറക്ക് ഓഫ് ഇമാമാ ഹുസൈനെ അപമാനിച്ചുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. മുഹറം ദിനാഘോഷത്തിനിടെയാണ് ഈ രംഗം പ്രത്യക്ഷപ്പെടുന്നത്. ഇത് ഷിയാ സുന്നി വിഭാഗത്തെ അവഹേളിക്കുന്നതാണ്. പബ്ലിക് പ്രൊട്ടക്ഷന്‍ മൂവ്മന്റ് ഓര്ഗനെസൈഷന് നേതൃത്വം നല്കുന്ന ജിഷാന്‍ ഹൈദരാണ് പരാതി നല്‍കിയിരിക്കുന്നത്. ഷാരൂഖ് ഖാനും സിനിമയുടെ അണിയറപ്രവര്‍ത്തകരും മാപ്പ് പറയണമെന്നും ഹൈദര്‍ ആവശ്യപ്പെടുന്നു. ഈ രംഗം നീക്കം ചെയ്തില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നും ഹൈദര്‍ പരാതിയില്‍ പറയുന്നു. തങ്ങളുടെ ആത്മീയഗുരുവിനെ ആര് അപമാനിച്ചാലും സഹിക്കില്ലെന്ന് മറ്റൊരു ഷിയാ നേതാവായ കമ്രാന്‍ ഹൈദര്‍ പറഞ്ഞു. ലഖ്നൗവിലെ ഷിയാ പണ്ഡിതനായ മൗലനാ സയിദ് ഖാലിബ് ജവാദ് നഖവി ഇമാം ഹുസൈനെ അവഹേളിക്കുന്ന രംഗം നീക്കിയില്ലെങ്കില്‍ ചിത്രത്തിനെതിരെ പ്രതിഷേധിക്കുമെന്ന് വ്യക്തമാക്കി.
മുമ്പും ഷാരൂഖ് ഖാന് ചിത്രം റയീസ് നിരവധി വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. സിനിമയിലൂടെ തന്റെ പിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാട്ടി അധോലോക സംഘാംഗമായിരുന്ന അബ്ദുള്‍ ലത്തീഫിന്റെ മകന് മുഷ്താഖ് ഷെയിഖ് കോടതിയെ സമീപിച്ചതും വിശ്വഹിന്ദുപരിഷത് സിനിമയുടെ ഗുജറാത്തിലെ ചിത്രീകരണം തടസപ്പെടുത്തിയതുമായിരുന്നു ആദ്യമെത്തിയ വിവാദങ്ങള്‍. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയിലെ നായിക പാക് താരം മഹിറാ ഖാന് അഭിനയിച്ച ഭാഗങ്ങള്‍ മുറിച്ചുമാറ്റണമെന്ന ഹിന്ദുത്വവാദികളുടെ ആവശ്യമായിരുന്നു അടുത്തിടെ ഉയര്‍ന്ന വിവാദം. വിവാദങ്ങളെ അതിജീവിച്ച് ജനുവരിയില്‍ റിലീസിനൊരുങ്ങുന്ന റയീസ് ട്രെയിലര്‍ വന്‍ പ്രചരണത്തിനൊപ്പമാണ് പ്രേക്ഷകരിലെത്തിയത്.
രാഹുല്‍ ധോലാക്കിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന് ഗുജറാത്തിലെ മദ്യവ്യവസായിയായ അധോലോക നായകനാണ്. റയീസ് അലാം. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രമെന്ന് ട്രെയിലര്‍ പ്രതീക്ഷ നല്കുന്നു. റയീസ് ഖാന്റെ സാമ്രാജ്യം തകര്‍ക്കാനും ജയിലഴിക്കകത്താക്കാനും പ്രയത്നിക്കുന്ന എസിപി ഗുലാം പട്ടേലായി നവാസുദ്ദീന്‍ സിദ്ദീഖിയും ചിത്രത്തിലുണ്ട്.
ജനുവരി 25നാണ് റിലീസ്. ഡോണ്‍ സീരീസിന് പിന്നാലെ ഷാരൂഖ് ഖാന് അധോലോക നായകനായി എത്തുന്ന ചിത്രം. റയീസ് എന്ന സിനിമയെക്കുറിച്ചുള്ള ആദ്യ സൂചന ഇങ്ങനെയായിരുന്നു. 90കളില്‍ ഗുജറാത്തില്‍ ജീവിച്ചിരുന്ന അധോലോക നായകനും മദ്യരാജാവുമായ അബ്ദുള്‍ ലത്തീഫിന്റെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രം.
Discussion about this post