അടിമാലി: വീട്ടമ്മയായ കാമുകിയെ കൊന്ന് കനാലിലെറിഞ്ഞ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാസ്റ്ററായ പ്രതിയെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനാണ് പണിയ്ക്കന്‍കുടി തിങ്കള്‍ക്കാട് പൊന്നേടത്തുംപറമ്പില്‍ ബാബുവിന്റെ ഭാര്യ സാലുവിനെ കൊലപ്പെടുത്തിയ ഉപ്പുതറ ചപ്പാത്ത് കരുന്തരുവി എസ്‌റ്റേറ്റിലെ ജീവനക്കാരന്‍ കൂടിയായ അമ്പലാനപുരം സലിനെ അടിമാലി സി.ഐ: ടി.എ. യൂനസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങുന്നത്.
ഇയാളുടെ മൊഴിയനുസരിച്ച് മൃതദേഹം ലഭിച്ചുവെങ്കിലും സംഭവത്തില്‍ ദുരൂഹതയേറുന്നുണ്ട്. കഴിഞ്ഞ മാസം മൂന്നിന് സാലുവുമായി പ്രതി തമിഴ്‌നാട്ടില്‍ ഒരുമിച്ച് താമസിച്ചതായി പറയുന്ന ഉത്തമപാളയം ജി.ബി. റസിഡന്‍സി ഹോട്ടല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആദ്യം തെളിവെടുപ്പ് നടത്തും.
മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലെ ഇറൈച്ചില്‍പാലം മേഖലയിലും സാലുവിനെ എത്തിക്കും. ഇവിടെ കാറില്‍ വച്ച് ഷാള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തി കനാലിലേയ്ക്ക് തള്ളുകയായിരുന്നുവെന്നാണ് പ്രതി പറഞ്ഞത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ പാറയിടുക്കില്‍ നിന്നും ലഭിച്ച മൃതദേഹത്തില്‍ വസ്ത്രങ്ങളില്ലായിരുന്നു. ഒരുപക്ഷേ മൃതദേഹം കണ്ടെത്തിയാലും ആളെ തിരിച്ചറിയാതിരിക്കാന്‍ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയ ശേഷമാണോ മൃതദേഹം തള്ളിയതെന്നും അങ്ങനെയെങ്കില്‍ വസ്ത്രങ്ങള്‍ എവിടെയാണ് ഉപേക്ഷിച്ചത് തുടങ്ങി നിരവധി കാര്യങ്ങളും കണ്ടെത്തേണ്ടതുണ്ട്.
സാലുവിന്റെ ശരീരത്തില്‍ മൂന്നു പവനോളം ആഭരണങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു. എന്നാല്‍ മൃതദേഹത്തില്‍ നിന്നും ഒരു കമ്മല്‍ മാത്രമാണ് കണ്ടെത്താനായത്. കേസിന്റെ ബലത്തിലേയ്ക്കായി തെളിവുകള്‍ ശേഖരിക്കുന്നതിന് ആഭരണങ്ങളും വസ്ത്രങ്ങളും എല്ലാം കണ്ടെത്തേണ്ടതുണ്ട്.
കൂടാതെ കൊലപാതകത്തില്‍ തമിഴ്‌നാട് ഉത്തമപാളയം സ്വദേശി ജെയിംസ് എന്നയാള്‍ക്ക് ബന്ധമുണ്ടെന്നാണ് ആദ്യഘട്ടത്തില്‍ സലിന്‍ പോലീസിനോട് പറഞ്ഞിരുന്നത്. ജയിംസിനെയും പോലീസ് സലിനൊപ്പം കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും ജയിംസിന് ബന്ധമുണ്ടെന്നതിനുള്ള സാഹചര്യ തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു.
സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായുള്ള അന്വേഷണത്തില്‍ നടക്കും. തേയില എസ്‌റ്റേറ്റില്‍ മരുന്ന് കൂട്ടുന്ന ജോലിയോടൊപ്പം പാസ്റ്ററായി പ്രവര്‍ത്തിച്ചിരുന്നതിന്റെ സര്‍ട്ടിഫിക്കറ്റുകളും സലിന്‍ പോലീസിന് നല്‍കിയിരുന്നു. നോട്ടിരട്ടിപ്പ് അടക്കമുള്ള നിരവധി തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടയാളാണ് പ്രതിയെന്നും ഇത്തരത്തില്‍ നിരവധി സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.
തിങ്കള്‍ക്കാട്ടിലെ ഭര്‍തൃവീട്ടില്‍ താമസിച്ചിരുന്ന കൊല്ലപ്പെട്ട സാലുവിന്റെ സ്വന്തം വീട് ഉപ്പുതറയിലായിരുന്നു. ഇവിടെ വച്ചുള്ള ബന്ധമാണ് ഇവരെ അടുപ്പത്തിലാക്കിയത്. അടിമാലി സി.ഐയെ കൂടാതെ എ.എസ്.ഐമാരായ സി.വി. ഉലഹന്നാന്‍, സി.ആര്‍. സന്തോഷ്, സജി എന്‍. പോള്‍, സി.പി.ഓ: ഇ.ബി. ഹരികൃഷ്ണന്‍ എന്നിവരുടെ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
തിങ്കളാഴ്ച മൃതദേഹം കണ്ടെത്തുന്നതിനായി കൊച്ചി റേഞ്ച് ഐ.ജി: എസ്. ശ്രീജിത്ത്, ജില്ലാ പോലീസ് മേധാവി എ.വി. ജോര്‍ജ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു. കോട്ടയത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം തിങ്കളാഴ്ച രാത്രിയോടെ തന്നെ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. മൃതദേഹം ഭാഗികമായി അഴുകിയിരുന്നതിനാല്‍ ഡി.എന്‍.എ. അടക്കുള്ള ശാസ്ത്രീയ പരിശോധനകള്‍ തിരുവനന്തപുരത്ത് നടക്കും.
Discussion about this post