ഡല്‍ഹി: നോട്ട് മാറ്റുന്ന കാര്യത്തില്‍ സഹകരണ ബാങ്കുകള്‍ക്കു മേല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തില്‍ ഇളവില്ലെന്നു സുപ്രീം കോടതി. ഇളവു നല്കിയാല് അതു കേന്ദ്ര സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധിക്ക് എതിരാവില്ലേയെന്നു കോടതി ചോദിച്ചു.
സഹകരണ ബാങ്കുകള്‍ക്ക് കോടികളുടെ ആസ്തിയുണ്ട്. ഡിസംബര്‍ 30 വരെ കാത്തിരിക്കാനാവില്ലേയെന്നും കോടതി ചോദിച്ചു.
ഡിസംബര്‍ 30നു ശേഷം സര്‍ക്കാര്‍ നിബന്ധനകളില്‍ ഇളവ് കൊണ്ടുവന്നേക്കാമെന്നും അതിനു ശേഷം വിഷയം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
ജില്ലാ സഹകരണ ബാങ്കുള്‍ക്ക് ഇടപാടുകളില്‍ ഇളവ് നല്‍കാനായി അടിയന്തര നടപടി സ്വീകരിക്കാന്‍ ആവില്ലെന്നും പകരം നവംബര്‍ 10 മുതല്‍ 14 വരെയുള്ള നിക്ഷേപം റിസര്‍വ്വ് ബാങ്കില്‍ അടയ്ക്കാമെന്ന ആനുകൂല്യം നല്‍കാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
നവംബര്‍ 10 മുതല്‍ 14 വരെ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പണം സ്വീകരിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. നവംബര്‍ 14 നാണ് ഈ ഉത്തരവ് പിന്‍വലിച്ചത്. അതു കൊണ്ടാണ് 14 വരെ സ്വീകരിച്ച പണം റിസര്‍വ് ബാങ്കില്‍ അടയ്ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചത്.
ചിലര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ പുതിയ നോട്ടുകള്‍ ലഭിക്കുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. എല്ലാ ബാങ്കുകളിലും ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയുടെ മറുപടി. ചില ബാങ്ക് മാനേജര്‍മാര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കെതിരെ നടപടി എടുത്തുവരുകയാണെന്നും മുകുള്‍ റോത്തഗി കോടതിയില്‍ പറഞ്ഞു.
Discussion about this post