മുംബൈ: 5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിച്ച് റിസര്‍വ് ബാങ്ക്. നവംബര്‍ 19ലെ നിയന്ത്രണം പിന്‍വലിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കി. കെ.വൈ.സി. ഉള്ള അക്കൗണ്ടുകളില്‍ വിശദീകരണം നല്‍കേണ്ട ആവശ്യമില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കെ.വൈ.സി. ഇല്ലാത്തവയിലെ നിക്ഷേപത്തിന് വിശദീകരണം വേണ്ടിവരും.
അസാധുനോട്ടുകള്‍ നിക്ഷേപിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ 5,000 രൂപയ്ക്ക് മേലുള്ള നിക്ഷേപത്തിന് നിയന്ത്രണം കൊണ്ടുവന്നത് വലിയ വിവാദമായിരുന്നു. 5000ത്തിന് മുകളിലുള്ള തുക നിക്ഷേപിക്കുമ്പോള്‍ ഇതുവരെ നോട്ടുകള്‍ നിക്ഷേപിക്കാതിരുന്നതിന് രണ്ട് ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കാരണം നല്‍കണം, ഇത് ബാങ്കില്‍ രേഖപ്പെടുത്തണം തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഒറ്റത്തവണ തുക നിക്ഷേപിക്കുന്നതിന് നിയന്ത്രണമില്ലെന്നും പലതവണ നിക്ഷേപിക്കുന്നതിനാണ് വിശദീകരണം നല്‍കേണ്ടതെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കാത്ത പശ്ചാത്തലത്തില്‍ പലയിടത്തും ബാങ്കുകള്‍ 5000ത്തിന് മുകളിലുള്ള തുക സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.
Discussion about this post