കൊച്ചി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്യുന്നത് ആര്‍.എസ്.എസിനേക്കാള്‍ കൂടുതല്‍ രാജ്യസ്‌നേഹമുണ്ടെന്നു തെളിയിക്കാനുള്ള ശ്രമമാണെന്നു പരിഹസിച്ച് ഭാരതീയ വിചാരത്തിന്റെ മുന്‍ ഡയറക്ടറും ബി.ജെ.പി നേതാവുമായ ടി.ജി മോഹന്‍ദാസ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ‘ആര്‍.എസ്.എസിനേക്കാള്‍ കൂടുതല്‍ രാജ്യസ്‌നേഹമുണ്ടെന്നു തെളിയിക്കാന്‍ ചുമ്മാ നാട്ടുകാരെ മുഴുവന്‍ അറസ്റ്റു ചെയ്യല്ലേ’ എന്നാണ് ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റ്.
‘കല്‍ക്കട്ടാ തീസിസുകാര്‍ ഇപ്പോള്‍ മൂന്നുനേരം ജനഗണമന പാടുന്നു’ എന്നു പറഞ്ഞുകൊണ്ട് താന്‍ ലക്ഷ്യമിട്ടത് സി.പി.ഐ.എമ്മിനെ തന്നെയാണെന്ന് മറ്റൊരു പോസ്റ്റിലൂടെ ടി.ജി മോഹന്‍ദാസ് വ്യക്തമാക്കുകയും ചെയ്യുന്നു.
ആര്‍.എസ്.എസിന്റെ കുത്തകയാണോ ദേശസ്‌നേഹം എന്ന തരത്തില്‍ ഈ പോസ്റ്റിനെതിരെ വന്ന മിക്ക കമന്റുകള്‍ക്ക് തക്ക മറുപടി അദ്ദേഹം നല്‍കി. ‘ദേശസ്‌നേഹികള്‍ ആര്‍.എസ്.എസുകാര്‍ മാത്രമാണോ എന്നുള്ള ചോദ്യം തന്നെയാണ് കമ്മ്യൂണിസ്റ്റുകാരുടെ മാനസിക പ്രശ്‌നം’ എന്നാണ് ഇതിനെതിരെ ടി.ജി മോഹന്‍ദാസ് ട്വീറ്റു ചെയ്തത്. കേരളത്തില്‍ അടുത്തിടെയായി രാജ്യദ്രോഹക്കേസുകളില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് ടി.ജി മോഹന്‍ദാസിന്റെ പരിഹാസം.
തിയ്യേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ കേരളത്തില്‍ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഒട്ടേറെപ്പേറെ പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടെ തിയ്യേറ്ററിനുള്ളില്‍ വെച്ച് ചിലരെ കസ്റ്റഡിയിലെടുത്തിരുന്നു.
നോവലില്‍ ദേശീയഗാനത്തെ അധിക്ഷേപിച്ചു എന്നാരോപിച്ച് എഴുത്തുകാരനായ കമല്‍ സി. ചവറയെയും അറസ്റ്റു ചെയ്തിരുന്നു. കമലിനെ വിട്ടയച്ചതിനുശേഷം അദ്ദേഹത്തിന്റെ സുഹൃത്തായ നദീര്‍ എന്ന യുവാവിനെയും രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെയെല്ലാം പരിഹസിച്ചാണ് ടി ജി മോഹന്‍ദാസ് ട്വിറ്ററില്‍ പോസ്റ്റിട്ടത്.
Discussion about this post