കൊച്ചി: വ്യവസായിയെ തട്ടികൊണ്ടു പോയെന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന സിപിഎം നേതാവ് സക്കീര്‍ ഹുസൈന് മനുഷ്യചങ്ങളയുടെ സംഘാടന ചമതല. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ 29ന് നടക്കുന്ന മനുഷ്യചങ്ങലയില്‍ കളമശ്ശേരി ഏരിയാ കമ്മറ്റിയെ നയിക്കാനുള്ള ചുമതല സക്കീര്‍ ഹുസൈനാണ് എന്ന വാര്‍ത്ത സിപിഎം കേന്ദ്രങ്ങളെ ഉദ്ധരിച്ച് മംഗളം പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
സിപിഎം സംസ്ഥാന നേതൃത്വം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് പാര്‍ട്ടി ചുമതല നല്‍കുന്നതില്‍ പാര്‍ട്ടിയ്ക്കകത്ത് തന്നെ അമര്‍ഷം പുകയുകയാണ്. എളമരം കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ സക്കീറിന് ചുമതല നല്‍കാന്‍ പാടുള്ളു എന്നാണ് ഒറു വിഭാഗത്തിന്റെ വാദം. ഇത്തരമൊരു നിര്‍ദ്ദേശം സംസ്ഥാന നേതൃത്വം തന്നെ നല്‍കിയിരിക്കെ ജില്ല സെക്രട്ടറി പി രാജീവിന്റെ താല്‍പര്യത്തിലാണ് സക്കീറിനെ ചുമതല ഏല്‍പിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ നടന്ന ജനകീയ സദസിന്റെ ഉദ്ഘാടനം നിര്‍ന്നഹിച്ചത് സക്കീര്‍ ഹുസൈനായിരുന്നു. വേദിയില്‍ അദ്ദഹം എത്തിയതോടെ പല സിപിഎം, സിപിഐ നേതാക്കള്‍ വേദിയില്‍ നിന്ന് ഇറങ്ങി പോയി. മുന്‍ എംഎല്‍എ എ.എം യൂസഫ് പ്രസംഗിച്ചു കൊണ്ടിരിക്കെ സക്കീര്‍ ഹുസൈന്‍ എത്തിയത് കണ്ട് പ്രസംഗം നിര്‍ത്തി സ്ഥലം വിടുകയായിരുന്നു. ഏരിയാ കമ്മറ്റിയംഗം മുജീബ് റഹ്മാന്‍, കെബി വര്‍ഗ്ഗീസ്, എന്‍ സുരന്‍, സിപിഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാരായ കരിം, എംഎ നൗഷാദ് എന്നിവരും വേദി വിട്ടു.
വ്യവസായിയായ ജൂബി പൗലോസിനെ തട്ടികൊണ്ടു പോയ കേസില്‍ ഒരു മാസത്തോളം ജയിലിലായിരുന്നു സക്കീര്‍ ഹുസൈന്‍. ജാമ്യത്തിലിറങ്ങിയ സക്കീറിന് സ്വീകരണം നല്‍കിയതും പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കിയിരുന്നു. പാര്‍ട്ടിയുടെ അനുവാദം ഇല്ലാതെ ചിലര്‍ ഇടപെട്ട് സ്വീകരണം സംഘടിപ്പിക്കുകയായിരുന്നു. ഏരിയാ കമ്മറ്റിയിലെ ഭൂരിപക്ഷവും സക്കീറിന്റെ തിരിച്ച് വരവിനെ എതിര്‍ക്കുമ്പോള്‍ ജില്ല നേതൃത്വത്തിലെ പ്രമുഖര്‍ നല്‍കുന്ന പിന്തുണയാണ് സക്കീറിനെ സംരക്ഷിക്കുന്നത്.
Discussion about this post