ബെയ്ജിങ്: തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യം എന്ന രീതിയില്‍ പാകിസ്ഥാനെ ചാപ്പ കുത്താന്‍ ശ്രമിക്കുന്നവരെ ശക്തമായി എതിര്‍ക്കുമെന്ന് ചൈന. ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിലാണ് ഇന്ത്യയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചു കൊണ്ടുള്ള ലേഖനം.പാകിസ്ഥാനിലെ ഉന്നത പട്ടാള ഉദ്യോഗസ്ഥന് ഇന്ത്യയ്ക്ക് നേരെ നീട്ടിയ സമാധാനത്തിന്റെ ഒലീവിലകള്‍ സ്വീകരിച്ച് ചൈന -പാകിസ്ഥാന് വ്യാവസായിക ഇടനാഴിയില്‍ ഇന്ത്യ ചേരണമെന്നും ലേഖനം ആവശ്യപ്പെടുന്നു.
പാകിസ്താനോടുള്ള ഇന്ത്യയുടെ ശത്രുത അവസാനിപ്പിക്കണമെന്നുംചൈന പാകിസ്ഥാന് വ്യാവസായിക ഇടനാഴിയില്‍ ഇന്ത്യ ചേരണമെന്നും പാകിസ്ഥാനിലെ ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥന് ലഫ്. ജനറല്‍ റിയാസ് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ചൈനയുടെ പ്രതികരണം.
ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ കഴിയാതെ വന്നാല്‍ എല്ലാവര്ക്കും മെച്ചമുള്ള സാമ്പത്തിക സഹകരണത്തിലൂടെ പരസ്പരമുള്ള വിദ്വേഷം കുറയ്ക്കുകയാണ് ഏറ്റവും നല്ല പോംവഴിയെന്നും ലേഖനത്തിലൂടെ ചൈന ഇന്ത്യയെ ഉപദേശിക്കുന്നു.
‘ചൈനയുമായുള്ള ബന്ധം വഷളാകുമ്പോള്‍ യു എസ് വരെ രണ്ടാമതൊന്ന് ആലോചിക്കാറുണ്ട്. പിന്നെ എന്തു കണ്ടിട്ടാണ് ഇന്ത്യ ഇത്ര ആത്മവിശ്വാസത്തോടെ പെരുമാറുന്നതെന്ന് ‘ വളരെ രൂക്ഷമായ ഭാഷയില്‍ കഴിഞ്ഞ ദിവസം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Discussion about this post