ഡല്‍ഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ വാക്സിനാണ് നോട്ട് അസാധുവാക്കലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സാവധാനമേ അതിന്റെ ഫലം പ്രതിഫലിച്ചു തുടങ്ങുകയുള്ളൂ. പണമിടപാടുകള്‍ കുറയുമ്പോള്‍ അഴിമതിയും കുറയും. നോട്ട് അസാധുവാക്കലിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ എല്ലാ പ്രതിഷേധങ്ങളും പരാജയപ്പെട്ടു. പത്തു വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് കള്ളപ്പണം വര്‍ധിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. പ്രധാനമന്ത്രിയുടെ പുതുവര്‍ഷ സന്ദേശം ജനങ്ങളുടെ വേദന തുടച്ചുനീക്കുമെന്നും വെങ്കയ്യ പറഞ്ഞു.
അച്ചടിച്ച 500, 1000 നോട്ടുകളെല്ലാം ബാങ്കിലെത്തിയെന്നതാണ് നോട്ട് അസാധുവാക്കലിന്റെ പ്രധാന നേട്ടം. സൂക്ഷ്മ പരിശോധനയ്ക്കു ശേഷമേ ബാങ്കിലെത്തിയ പണം കള്ളപ്പണമാണോയെന്ന് തിരിച്ചറിയാന്‍ സാധിക്കൂ. 50 ദിവസങ്ങള്‍ ഒരവസാനമല്ല, തുടക്കം മാത്രമാണ്. ഇനിമുതല്‍ സത്യസന്ധരായവരുടെ ബുദ്ധിമുട്ടുകള്‍ കുറയുകയും അഴിമതിക്കാരുടെ പ്രശ്നങ്ങള്‍ വര്‍ധിക്കുകയും ചെയ്യും.
കറപ്ഷന്‍ എന്ന ‘സി’യെ രക്ഷിക്കാന്‍ മറ്റു നാലു ‘സി’കളെ (കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്, കമ്യൂണല്‍, കാസിസ്റ്റ്) ഒന്നിച്ചുകൊണ്ടുവരാന്‍ നോട്ട് അസാധുവാക്കലിനു സാധിച്ചു. ചിലര്‍ നോട്ട് പിന്‍വലിക്കലിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ പ്രധാനമന്ത്രി ദൃഢനിശ്ചയത്തിലാണെന്നും വെങ്കയ്യ പറഞ്ഞു.
Discussion about this post