മലപ്പുറം : മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈിറ്റസ് ബാധിച്ച് ഒരു മരണം. ചാലിയാർ പഞ്ചായത്തിലെ 41 വയസ്സുള്ള പുരുഷനാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. ഇതേ തുടർന്ന് ജില്ലയിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു.
മാർച്ച് 19 ന് ഇദ്ദേഹത്തിന്റെ വീട്ടിലുള്ള ഒൻപതു വയസ്സുകാരി പെൺകുട്ടിക്ക് വൈറൽ ഹെപ്പ്‌റ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മെഡിക്കൽ ഓഫീസറും ആരോഗ്യപ്രവർത്തകരും വീട്ടിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചിരുന്നു . പിന്നീട് ഇദ്ദേഹത്തെ ഏപ്രിൽ 26 ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കരളിന്റെ പ്രവർത്തനം മോശമായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കരൾമാറ്റ ശസ്ത്രക്രിയക്ക് തയ്യാറെടുക്കവെ അണുബാധ ഉണ്ടാകുകയും ഇന്നലെ മരിക്കുകയും ചെയ്തു .
മലപ്പുറം ജില്ലയിൽ ഈ വർഷം ജനുവരി മുതൽ 3184 സംശയാസ്പദമായ ഹെപ്പറ്റൈറ്റിസ് കേസുകളും 1032 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ച് മാസത്തിൽ ഒരു മരണവും ഏപ്രിൽ മാസത്തിൽ നാലു മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.










