തിരുവനന്തപുരം: ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി കേന്ദ്രസര്‍ക്കാരിനു പിന്നാലെ ‘ഭീം’ മാതൃകയില്‍ കേരള സര്‍ക്കാരും മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ക്കു പുറമെ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടി ലഭ്യമാകുന്ന വിധത്തില്‍ വിപുലമായ ആപ്ലിക്കേഷനാണ് തയ്യാറാക്കുന്നത്.
കേരള ഐടി മിഷനാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളിലേയ്ക്കും സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലേയ്ക്കും ഒടുക്കേണ്ട ബില്ലുകള്‍, നികുതി, ഫീസ് മുതലായവ ആപ്പിലൂടെ അടയ്ക്കാന്‍ കഴിയും. പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേരളത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ സേവനങ്ങളെല്ലാം ആപ്പില്‍ ലഭിക്കും. എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ആപ്പിലൂടെ ലഭ്യമാകും. ഡെബിറ്റ്‌ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവയിലൂടെ പണം അതത് സ്ഥാപനങ്ങളിലേയ്ക്ക് അടയ്ക്കാന്‍ കഴിയുന്ന വിധത്തിലാണ് ആപ്പ് രൂപകല്‍പന ചെയ്യുന്നത്. ഇ വാലറ്റ് എന്ന നിലയിലും ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആപ്പില്‍ പണം ചാര്‍ജ്ജ് ചെയ്ത് ബില്ലുകള്‍ എളുപ്പത്തില്‍ അടയ്ക്കാം. യുഎസ്എസ്ഡി, ഐവിആര്‍ സങ്കേതങ്ങളിലൂടെയും ആപ്ലിക്കേഷനിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കും.
ആപ്ലിക്കേഷന് അനുയോജ്യമായ പേരും ലോഗോയും ടാഗ് ലൈനും നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ഇവ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് 15,000 രൂപ സമ്മാനമായി നല്‍കുമെന്ന് സംസ്ഥാന ഐടി മിഷന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Discussion about this post