തൃശ്ശൂര്‍: കോപ്പിയടി ആരോപിച്ചുള്ള പീഡനത്തില്‍ മനംനൊന്ത് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ നെഹ്റു കോളേജ് അധികൃതരുടെ വാദം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചതായി കോളേജ് തങ്ങള്‍ക്ക് പരാതി നല്‍കിയിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്ട്രോളര് വ്യക്തമാക്കി. വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശപ്രകാരം തെളിവെടുപ്പിനായി നെഹ്റു കോളേജില്‍ എത്തിയപ്പോള്‍ ആണ് പരീക്ഷ കണ്ട്രോളര് ഡോ.എസ്.ഷാബു ഇക്കാര്യം അറിയിച്ചത്. യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ.ജിപി പത്മകുമാറിനൊപ്പമാണ് പരീക്ഷ കണ്ട്രോളര് കോളേജില്‍ തെളിവെടുപ്പിനായി എത്തിയത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ കോളേജ് സന്ദര്‍ശിച്ചു.
പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ കോപ്പിയടിക്കുകയോ, കൃതിമം കാണിക്കുകയോ ചെയ്തതായി കണ്ടെത്തിയാല്‍ അന്നേ ദിവസം തന്നെ സര്‍വകലാശാലയെ അറിയിക്കണം എന്നാണ് ചട്ടം. കോപ്പിയടിച്ച വിഷ്ണുവിന് അധ്യാപകര്‍ പിടികൂടുകയും ഈ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് കോളേജ് അധികൃതര്‍ വാദിച്ചിരുന്നത്. എന്നാല്‍ ക്ലാസ്സ് റൂമില്‍ വച്ച് ജിഷ്ണുവിനെ അധ്യാപകര്‍ അപമാനിച്ചെന്നും ജിഷ്ണുവിന്റെ മൃതദേഹത്തില്‍ കണ്ട മുറിപാടുകള്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണമാണെന്നുമാണ് ജിഷ്ണുവിന്റെ കുടുംബവും സഹപാഠികളും ആരോപിക്കുന്നത്. എന്നാല്‍ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി കോപ്പിയടിച്ചതായി ഒരു പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതലയുളള പരീക്ഷ കണ്ട്രോളര് വ്യക്തമാക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ടാണ് കോളേജ് ഹോസ്റ്റലില്‍ കോഴിക്കോട് വളയം സ്വദേശി അശോകന്റെയും മഹിജയുടെയും മകന് ജിഷ്ണു പ്രണോയിയെ (18)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കോളേജിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്. കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍, പ്രതിഷേധം മറികടക്കാനുള്ള അധികൃതരുടെ തന്ത്രം മാത്രമാണിതെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം.
Discussion about this post