ഡല്‍ഹി: കറന്‍സി രഹിത പണമിടപാട് വ്യാപിപ്പിക്കാന്‍ പേമെന്റ് ബാങ്കുകള്‍ രംഗത്തേക്ക്. ഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ത്യയിലെ ആദ്യത്തെ പേമെന്റ് ബാങ്കിന് വ്യാഴാഴ്ച തുടക്കമിട്ടു. എയര്‍ടെല്‍ ആണ് ഇന്ത്യയിലെ ആദ്യത്തെ പേമെന്റ് ബാങ്ക്.
അടുത്തയാഴ്ച പേടിഎമ്മിന്‍േറത് വരും. സ്മാര്‍ട്ട് ഫോണും ഡിജിറ്റല്‍ പേമെന്റുമാണ് പേമെന്റ് ബാങ്കുകളുടെ രീതി. ഏതു ബാങ്ക് അക്കൗണ്ടില്‍നിന്നും ചാര്‍ജില്ലാതെ മൊബൈലിലൂടെ പണം മാറ്റാം. എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം. ഗ്രാമീണ മേഖലകള്‍ക്ക് പേമെന്റ് ബാങ്കിങ് ഉപകാരപ്പെടുമെന്നാണ് വാഗ്ദാനം.
സ്വകാര്യ കമ്പനികള്‍ക്ക് ചെറുകിട നിക്ഷേപ, വായ്പാ ഇടം തുറന്നു കൊടുക്കുന്നതാണ് പേമെന്റ് ബാങ്കിങ് സമ്പ്രദായം. ഡിജിറ്റല്‍ മൊബൈല്‍ ഇടപാടുകളാണ് ഈ കമ്പനികള്‍ പ്രോത്സാഹിപ്പിക്കുക. വ്യാപാരികള്‍ക്ക് ഇടപാടുകാരില്‍നിന്ന് ഈ സമ്പ്രദായത്തില്‍ പണം വാങ്ങാം. രണ്ടര ലക്ഷം ബാങ്കിങ് പോയന്റും 3,000 കോടി രൂപയുടെ നിക്ഷേപവും 50 ലക്ഷം ചെറുകിട വ്യാപാരികളുമാണ് ഭാരതി എയര്‍ ടെല്‍ കമ്പനി ലക്ഷ്യമിടുന്നത്. ബാങ്കിങ് പോയന്റുകള്‍ വഴി സേവിങ്‌സ് അക്കൗണ്ട് തുറക്കാം; പണം പിന്‍വലിക്കാം. ലക്ഷം രൂപ വരെ പണം നിക്ഷേപിക്കാനാണ് അനുവാദം. നിലവിലെ ബാങ്കു ശാഖകള്‍ പോലൊന്ന് പേമെന്റ് ബാങ്കുകള്‍ക്ക് ഉണ്ടാവില്ല.
2016 ഏപ്രിലില്‍ 11 പേമെന്റ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐഡിയ സെല്ലുലാര്‍, വോഡാഫോണ്‍ ഇന്ത്യ, ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക്, പേടിഎം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ മാസമാണ് പ്രവര്‍ത്തനം തുടങ്ങുന്നതിന് പേടിഎമ്മിന് അനുമതിയായത്.
Discussion about this post