തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റൊയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. സര്‍ക്കാര്‍ ഫയലുകളില്‍ തിരിമറി കാട്ടി എന്ന് കാണിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി എത്തിയത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. 27 ന് വിജിലന്‍സ് നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശം ലംഘിച്ച് സിവില്‍സര്‍വീസ് ബോര്‍ഡ് രൂപീകരിച്ച് ഡിജിപിയെ മാറ്റി. ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.
സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷമാണ് അദ്ദേഹം പുറ്റിങ്ങല്‍ സംഭവം, ജിഷ വധക്കേസ് എന്നിവയില്‍ വീഴ്ച വരുത്തി എന്ന റിപ്പോര്‍ട്ട് നളിനി നെറ്റോ മുഖ്യമന്ത്രിക്ക് നല്‍കിയത്. സാധാരണ ഗതിയില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ചീഫ് സെക്രട്ടറി വഴിയാണ് മുഖ്യമന്ത്രിക്കരികിലെത്തുന്നതെന്നും അതിനാല്‍ റിപ്പോര്‍ട്ട് ചട്ടലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
വിവിധ കേസുകളില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചത്, സ്വജന പക്ഷപാതം തുടങ്ങിയ കാര്യങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. തിരുവനന്തപുരം സ്വദേശി സതീഷ് വസന്താണ് ഹര്‍ജി സമര്‍പ്പിച്ചത്.
Discussion about this post