ഡല്‍ഹി: ജെല്ലിക്കെട്ട് നിരോധന വിഷയത്തില്‍ പ്രശ്ന പരിഹാരത്തിന് കേന്ദ്ര സംഘത്തെ തമിഴ്നാട്ടിലേക്ക് അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രശ്ന പരിഹാരത്തിന് എല്ലാ സഹായങ്ങളും ചെയ്യുമെന്നും തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് പ്രധാനമന്ത്രി ഉറപ്പ് നല്കി. അതിനിടെ ജെല്ലിക്കെട്ടിനായുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.
ജെല്ലിക്കെട്ടിന് വേണ്ടി തമിഴ്നാട്ടില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന ആവശ്യം പനീര്‍ശെല്‍വം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എന്നാല്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം ജെല്ലിക്കെട്ടിന്റെ സാംസ്കാരിക പാരമ്പര്യം അംഗീകരിക്കുന്നതായും തമിഴ്നാട്ടിലെ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രസംഘത്തെ വിനിയോഗിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്കി.
അതിനിടെ തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന ശക്തമായ പ്രതിഷേധങ്ങള്‍ കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Discussion about this post