ഡല്‍ഹി: ജെല്ലിക്കെട്ട നിരോധിച്ച സുപ്രിം കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രിം കോടതി മാറ്റിവച്ചു. കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. ഒരാഴ്ചത്തേക്കാണ് വിധി പറയുന്നത് സുപ്രിം കോടതി നീട്ടിവച്ചത്.
മൃഗസംരക്ഷണത്തോടൊപ്പം പാരമ്പര്യവും പരിഗണിക്കണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്താന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് കനത്ത പ്രക്ഷോഭം നടക്കുകയാണ്. ഇത് കൂടി കണക്കിലെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഇതിനിടെ ജല്ലിക്കെട്ട് നടത്താന്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ തമിഴ്‌നാട് തിരുമാനിച്ചിട്ടുണ്ട്. ഇതിന്റെ കരട് കേന്ദ്രസര്‍ക്കാരിന് അയച്ചു നല്‍കിയിട്ടുണ്ട്. ഇന്നലെ ജെല്ലിക്കെട്ടിനായി കേന്ദ്രം പുതിയ നിയമം പാസാക്കണമെന്നാവശ്യപ്പെട്ട് തമിഴ് നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നതാണെന്നും പ്രതിഷേധത്തില്‍ നിന്ന് എല്ലാവരും പിന്മാറണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടിരുന്നു.
കായികവിനോദം എന്ന നിലയ്ക്ക് ജെല്ലിക്കെട്ട് നടത്താനുള്ള നിയമഭേദഗതിയുടെ കരട് തയാറായിക്കഴിഞ്ഞു. ഓര്‍ഡിനന്‍സ് ഇന്നോ നാളെയോ രാഷ്ട്രപതിക്കയയ്ക്കും. ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ തീരുമാനിച്ചതിനാല്‍ പ്രതിഷേധമവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. എന്നാല്‍ നിരോധനം നീക്കിയതിനുശേഷം മാത്രമേ സമരം പിന്‍വലിക്കാനാകൂവെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.
ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെങ്ങും വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍, രണ്ടു ദിവസത്തിനകം ജെല്ലിക്കെട്ട് നടത്തുമെന്ന് പനീര്‍ ശെല്‍വം വ്യക്തമാക്കി. ജനങ്ങള്‍ പ്രതിഷേധങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരം തേടി തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് മോദി വ്യക്തമാക്കിയിരുന്നു.
സാംസ്‌കാരിക പ്രാധാന്യം ഉള്‍ക്കൊണ്ട്, തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കു പിന്തുണ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാമെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോഹത്ഗി നിയമോപദേശം നല്‍കിയിരുന്നു.
അതേസമയം, തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിന് അനുമതി തേടി ലക്ഷക്കണക്കിനാളുകള്‍ തെരുവിലിറങ്ങിയ വിദ്യാര്‍ഥിയുവജന പ്രക്ഷോഭം അതിശക്തമായി നാലാം ദിനത്തിലേക്കു കടന്നു. പിന്തുണയുമായി വ്യാപാരി, മോട്ടോര്‍ വാഹന, ബസ് തൊഴിലാളി സംഘടനകളും രംഗത്തെത്തിയതോടെ തമിഴകം ഇന്നു നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഡിഎംകെ ട്രെയിനുകള്‍ തടയും. കേരളത്തിലേക്കുള്ള ഗതാഗതവും തടസ്സപ്പെടാം. പൊള്ളാച്ചിയില്‍ ഇന്നലെത്തന്നെ കേരളത്തിലേക്കുള്ള ബസുകള്‍ തടഞ്ഞു. സേലത്തു തടഞ്ഞിട്ട ട്രെയിനിനു മുകളില്‍ കയറിയ വിദ്യാര്‍ഥിക്കു വൈദ്യുതാഘാതമേറ്റു. ട്രെയിന്‍യാത്രക്കാരെ ഇറക്കിവിട്ടു. ട്രെയിനിന്റെ ഗ്ലാസുകളും ലൈറ്റും തകര്‍ത്തു.
Discussion about this post