തിരുവനന്തപുരം: തലസ്ഥാനനഗരം സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിലേക്ക്. ഈ മാസം അവസാനം ചേരുന്ന കൗണ്‍സില്‍ യോഗം സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് മേയര്‍ വി.കെ.പ്രശാന്ത് പറഞ്ഞു. സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തെ വ്യാപാരികളും അനുകൂലിച്ചതായി മേയര്‍ പറഞ്ഞു. നഗരസഭയുടെ എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ബ്രാന്‍ഡ് അബാസിഡറായി മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെ പ്രഖ്യാപിച്ചു. 50 മെക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ നേരത്തെ നഗരസഭ നിരോധിച്ചിരുന്നു.
നഗരസഭയുടെ ഹാള്‍മാര്‍ക്ക് മുദ്രയോടെയുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനായിരുന്നു നിര്‍ദ്ദേശവും. പക്ഷെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള നഗരസഭയുടെ ഈ ഉദ്യമം വേണ്ടത്ര ഫലം കാണാത്ത സാഹചര്യത്തിലാണ് സമ്പൂര്‍ണ നിരോധനത്തിലേക്ക് പോകുന്നത്. വ്യാപാരികള്‍ സമ്പൂര്‍ണ നിരോധത്തെ സ്വാഗതം ചെയ്തിട്ടുണ്ടെന്ന് അഭിപ്രായ രൂപീകരണത്തിനായി ചേര്‍ന്ന മാധ്യമ ശില്‍പ്പശാലയില്‍ മേയര്‍ പറഞ്ഞു. ബദല്‍ മാര്‍ഗമായി തുണി, പേപ്പര്‍ സഞ്ചികള്‍ തുടങ്ങിയവ കുടുംബ ശ്രീയൂണിറ്റുകള്‍ വഴി നിര്‍മ്മിച്ചു നല്‍കാണ് നഗരസഭ ആലോചിക്കുന്നത്.
ഉറവിട മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക് നിരോധനം എന്നിവയെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മുതുകാടിന്റെ നേതൃത്വത്തില്‍ ബോധവത്ക്കര പരിപാടികള്‍ സംഘടിപ്പിക്കും. നഗരത്തില്‍ പകരം സ്ഥലം ലഭ്യമാക്കിയാല്‍ വിളപ്പില്‍ ശാലയിലെ നഗരസഭയുടെ ഭൂമി സര്‍ക്കാരിന് മറ്റ് പദ്ധതികള്‍ക്കായി വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതായും മേയര്‍ പറഞ്ഞു.
Discussion about this post