തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ ദേഹത്ത് കൂടുതല്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുളള ചിത്രങ്ങള്‍ പുറത്ത്. ജിഷ്ണുവിന്റെ കൈയിലും, അരക്കെട്ടിലും കാലിന്റെ മസിലിലും പരുക്കുകളേറ്റതിന്റെ പാടുകളുളള ചിത്രങ്ങളാണ് പുറത്തുവന്നത്. ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്ന വേളയില്‍ എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നത്.
അതേസമയം ഈ പരിക്കുകളുടെ വിവരങ്ങള്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. കൂടാതെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയപ്പോഴും ഇത് രേഖപ്പെടുത്തിയിരുന്നില്ല. മരണശേഷം രക്തം ഒലിച്ചിറങ്ങിയതാണെന്നാണ് ഇതിനെപ്പറ്റി ഡോക്ടര്‍ പൊലീസിന് നല്‍കിയ മൊഴി.
ഇതില്‍ ദുരൂഹതയുളളതായി ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. നേരത്തേ ജിഷ്ണുവിന്റെ മൂക്കില്‍ പരിക്കേറ്റിരുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ നിലവിലെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടിയില്‍ ദുരൂഹതയുണ്ടെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ വ്യക്തമാക്കി.
ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പുറത്ത് വന്ന ചിത്രങ്ങളിലെ മുറിവുകള്‍ രേഖപ്പെടുത്തിയിരുന്നില്ല. മുഖത്ത് മൂന്ന് മുറിവുകള്‍,കീഴ്ച്ചുണ്ടിലും മേല്‍ചുണ്ടിലും രണ്ട് മുറിവുകള്‍, മൂക്കിന്റെ പാലത്തില്‍ ഒരു മുറിവ് എന്നിങ്ങനെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്ന മുറിവുകള്‍. ഈ മുറിവുകള്‍ മരണത്തിന് മുമ്പ് സംഭവിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജിഷ്ണുവിന്റെ മരണം ആത്മഹത്യ തന്നെയാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദമാക്കിയതും.
Discussion about this post