തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ബിജെപി. പാര്‍ട്ടി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്റെ നേതൃത്വത്തില്‍ നടന്നു വന്ന 48 മണിക്കൂര്‍ നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് നീട്ടി.
അതേസമയം ലക്ഷ്മി നായര്‍ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് സര്‍വകലാശാല ഉപസമിതി കണ്ടെത്തിയിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിദ്യാര്‍ത്ഥി പ്രതിഷേധം 17 ദിവസം പിന്നിടുമ്പോഴും സര്‍ക്കാരോ മാനേജ്‌മെന്റോ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭവുമായി മുന്നോട്ട് പോകാന്‍ ബിജെപി തീരുമാനിച്ചത്. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരായ സര്‍വകലാശാല ഉപസമിതി നേരത്തെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച വിഷയങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഉപസമിതി റിപ്പോര്‍ട്ട് നാളെ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യാനിരിക്കെ ലക്ഷ്മി നായരെ പുറത്താക്കണമെന്ന കാര്യത്തില്‍ മാനേജ്‌മെന്റ് വഴങ്ങില്ലെന്നും ഉറപ്പാണ്. ഉപസമിതിയില്‍ തന്നെ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കെ സമരരംഗത്ത് നിന്നും പിന്‍മാറുന്നത് ശരിയല്ലെന്ന വിലയിരുത്തലും ഉണ്ടായി.
അതേസമയം സമരമാരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും തലസ്ഥാനത്തുള്ള സിപിഎം നേതാക്കളില്‍ വിഎസ് ഒഴികെ ആരും ലോ അക്കാദമിയില്‍ എത്തിയില്ലെന്നതും സംശയത്തിനിടയാക്കിയിട്ടുണ്ട്. എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം പോലും ഇന്നലെ മാത്രമാണ് സമരപ്പന്തല്‍ സന്ദര്‍ശിച്ചത്. ഉപസമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ എന്ത് തന്നെയായാലും ലക്ഷ്മി നായര്‍ക്കെതിരെ സര്‍ക്കാരോ സര്‍വകലാശാലയോ കടുത്ത നടപടിക്ക് തുനിഞ്ഞേക്കില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
Discussion about this post