ഡല്‍ഹി: ബാങ്കുകളില്‍ നിന്ന് കടമെടുത്ത് രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യയ്ക്ക് മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വഴിവിട്ട ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. മല്യയുടെ കിങ് ഫിഷര്‍ വിമാനകമ്പനിക്ക് വായ്പകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണിത്. യു.പി.എ സര്‍ക്കാരുമായി മല്യയ്ക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്.
അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ധനമന്ത്രി പി.ചിദംബരവും മല്യയെ സഹായിച്ചുവെന്ന് ഒരു ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട ഏതാനും ഈമെയിലുകളും രേഖകളും തങ്ങള്‍ക്ക് ലഭിച്ചതായും ചാനല്‍ അവകാശപ്പെടുന്നു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പണം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നോ ധനമന്ത്രിയുടെ ഓഫീസില്‍ നിന്നോ അനുവദിക്കുന്നതുവരെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് ഫണ്ട് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മല്യ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എ.കെ രവി നെന്ദുഗഡിക്ക് 2010 ജൂണ്‍ 10ന് ഈമെയില്‍ സന്ദേശം അയച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ചാനല്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞുകൊണ്ട് മല്യ ട്വീറ്റ് ചെയ്തു. സഹായത്തിനു വേണ്ടി മാത്രമാണ് അപേക്ഷിച്ചതെന്നും ഒരിക്കലും വായ്പ ആവശ്യപ്പെട്ടിരുന്നില്ലെന്നും മല്യ അവകാശപ്പെടുന്നു. വിമാന ഇന്ധനത്തിന്റെ നിലവാരം അടക്കം ചില നയങ്ങളില്‍ വ്യതിയാനം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്ധനവില ബാരലിന് 140 ഡോളറിലേക്ക് കയറിയതോടെയാണ് കിംഗ്ഫിഷര്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതെന്നും സെയില്‍ ടാക്‌സും രൂപയുടെ മൂല്യത്തകര്‍ച്ചയും ആഘാതം വര്‍ധിപ്പിച്ചുവെന്നും മല്യ പറയുന്നു.
അതേസമയം, ഐഡിബിഐ ബാങ്കില്‍ നിന്നുമെടുത്ത 950 കോടി രൂപ മല്യ ധൂര്‍ത്തടിച്ചുവെന്ന് സി.ബി.ഐ പറയുന്നു. വായ്പ നല്‍കുന്നതിന് ബാങ്ക് അധികൃതരും മല്യയ്ക്ക ഒത്താശ ചെയ്തു. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും ലംഘിച്ചാണ് വായ്പ നല്‍കിയിരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.
Discussion about this post