കോഴിക്കോട്: അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാറില്‍ തീവ്രവാദ സംഘടനയായ ഐ.എസ്. ക്യാമ്പില്‍ നൂറിലധികം ഇന്ത്യക്കാര്‍ പരിശീലനം നേടുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)ക്ക് സൂചന ലഭിച്ചു. അഫ്ഗാന്‍ ഇന്റലിജന്‍സ് എജന്‍സികളാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍.ഐ.എക്ക് കൈമാറിയത്.
ഐ.എസില്‍ ചേരാനായി രാജ്യംവിട്ട 22 മലയാളികളടക്കം നിരവധിപേര്‍ നാംഗര്‍ഹാറിലെത്തിയതായി നേരത്തെ എന്‍.ഐ.എക്ക് വിവരം ലഭിച്ചിരുന്നു. 30 മലയാളികള്‍ നാംഗര്‍ഹാറില്‍ എത്തിയതായാണ് എന്‍.ഐ.എ. ആദ്യം കരുതിയിരുന്നത്. എന്നാല്‍ കൂടുതല്‍ മലയാളികള്‍ ഈ ക്യാമ്പിലെത്തിയതായി സംശയിക്കുന്നു. രാജ്യംവിട്ട പിടികിട്ടാപ്പുള്ളികളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍.ഐ.എ. ശേഖരിക്കും. കൊലപാതകമടക്കമുള്ള കേസുകളില്‍ പിടിയിലാവുകയും പിന്നീട് കാണാതാവുകയും ചെയ്തവരെക്കുറിച്ചാണ് വിവരങ്ങള്‍ തേടുന്നത്. ഇവരില്‍ പലരും ഗള്‍ഫ് രാജ്യങ്ങള്‍ വഴി അഫ്ഗാനിലെത്തിയിരിക്കാം. സംസ്ഥാനത്തിന്റെ പലഭാഗത്തും ഇത്തരത്തില്‍ ആളുകളെ കാണാതായിട്ടുണ്ട്.
ഐ.എസ്. ഘടകത്തിന്റെ കേരള അമീര്‍ കോഴിക്കോട് സ്വദേശി മംഗലശ്ശേരി സജീര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലാണ് ഇവര്‍ നാംഗര്‍ഹാറില്‍ പരിശീലനം നേടുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അഫ്ഗാന്‍ സര്‍ക്കാറിന് ഭാഗികനിയന്ത്രണം മാത്രമുള്ള നാംഗര്‍ഹാറില്‍ അന്വേഷണം നടത്തുക ശ്രമകരമാണ്. സജീര്‍, കാസര്‍കോട് സ്വദേശി അബ്ദുള്‍ റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയവര്‍ ഇവിടെയുണ്ടാവുമെന്നാണ് എന്‍.ഐ.എ. നിഗമനം.
ക്യാമ്പില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ ചിലര്‍ നാട്ടിലേക്കു കടക്കാന്‍ തയ്യാറെടുക്കുന്നതായും അഫ്ഗാന്‍ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കി. റോഡുമാര്‍ഗം ഗള്‍ഫ് രജ്യങ്ങളിലെത്തിച്ച് നാട്ടിലേക്ക് അയക്കാനാണ് പദ്ധതി. ഐ.എസിന്റെ സ്ലീപ്പിങ് സെല്ലുകള്‍ക്ക് നേതൃത്വംനല്‍കി അവയെ ഒരുമിപ്പിക്കുക, കൂടുതല്‍പേരെ സംഘടനയിലേക്ക് ചേര്‍ക്കുക, പണം സ്വരൂപിക്കുക, സംഘടിത ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ചില ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് എക്‌സിറ്റ് യാത്രക്കാരായി എത്തുന്നവരെ പ്രത്യേകം പരിശോധിക്കണമെന്നും അവരുടെ വിവരങ്ങള്‍ കൈമാറണമെന്നും എമിഗ്രേഷന്‍ വിഭാഗങ്ങളോട് എന്‍.ഐ.എ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ളവര്‍ രാജ്യത്ത് കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഇന്റലിജന്‍സ് ബ്യൂറോയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Discussion about this post