തിരുവനന്തപുരം: വധശ്രമക്കേസ് പ്രതിക്കൊപ്പം വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിവാദത്തില്‍. പൊലീസ് നവീകരണത്തിനുള്ള മൂന്ന് പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വധശ്രമക്കേസില്‍ സി.ബി.ഐ പ്രതിയാക്കിയ ഉദ്യോഗസ്ഥന് വേദി പങ്കിട്ടതാണ് വിവാദമായിരിക്കുന്നത്. പൊലീസ് സര്‍വീസ് ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് അബ്ദുല്‍ റഷീദാണ് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്.
കൊല്ലം സിറ്റി ഡി.സി.ആര്.ബി ഡിവൈ.എസ്.പിയായ റഷീദ്, കൊല്ലത്തെ മാദ്ധ്യമ പ്രവര്‍ത്തകനായ വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. ഡി.ജി.പി ലോക്നാഥ് ബഹ്റയും ഐ.ജി മനോജ് എബ്രഹാമും വേദിയിലുണ്ടായിരിക്കേയാണ് സര്‍ക്കാര്‍ പരിപാടിയില്‍ സി.ബി.ഐ കേസിലെ പ്രതി മുഖ്യമന്ത്രിക്കൊപ്പമിരുന്നത്.
നേരത്തേ കൊച്ചിയിലും മുഖ്യമന്ത്രിക്കൊപ്പം റഷീദ് വേദി പങ്കിട്ടത് വിവാദമായിരുന്നു. പൊലിസിലെ ഡിവൈ.എസ്.പിമാരുടെ സംഘടനയായ സര്‍വീസ് ഓഫീസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റെന്ന നിലയ്ക്കാണ് റഷീദ് അന്നും വേദിയിലെത്തിയത്. പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ പശ്ചാത്തലം ഇന്റലിജന്‍സ് പരിശോധിക്കാറുണ്ട്. വി.ബി ഉണ്ണിത്താന്റെ കൈകാലുകള്‍ വെട്ടിയൊടിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലാം പ്രതിയാണ് റഷീദ്. 2012-ല്‍ സിബിഐ കുറ്റപത്രം നല്കിയ കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്.
Discussion about this post