തൃപ്പൂണിത്തുറ: റഷ്യന്‍ പ്രണയിതാക്കള്‍ക്ക് മാമല മുരിയമംഗലം ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തില്‍ മംഗല്യസാഫല്യം. ഇന്നലെ രാവിലെ മോസ്കോ വിസ്നി കൊവാസ്കി സ്വദേശി മാക്സിം കസാക്കും മോസ്കോ സ്വദേശിനിയായ ലിവിഡ് മിറ എറയ് വയുമാണു ഹൈന്ദവാചാര പ്രകാരം താലിചാര്‍ത്തിയത്.
പ്രണയം ആരംഭിച്ചതു മുതല്‍ വിവാഹം തങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന കേരളത്തിലെ പുരാതനമായ ഒരു ക്ഷേത്രത്തിലായിരിക്കണമെന്ന് ഇരുവരും ആഗ്രഹിച്ചു. അതിനാല്‍, ഇന്റര്‍നെറ്റ് മുഖേന പല ക്ഷേത്രങ്ങളും പരിചയപ്പെട്ടു. ഒടുവില്‍ ജനുവരി 14ന് കേരളത്തിലെത്തിയ ഇവര്‍ ഏതാനും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. അങ്ങനെ മുരിയമംഗലം ക്ഷേത്രം തെരഞ്ഞെടുക്കുകയായിരുന്നു.
പഴം കൊണ്ട് തുലാഭാരം നടത്തിയ ശേഷമായിരുന്നു വധു കതിര്‍മണ്ഡപത്തിലേക്ക് പ്രവേശിച്ചത്. റഷ്യയില്‍ നിന്നു ബന്ധുമിത്രാദികള്‍ ആരുമെത്തിയില്ല. മുരിയമംഗലം ഗ്രാമവാസികളും രാവിലെ ദര്ശനത്തിനെത്തിയവരുമാണു മാംഗല്യത്തിനു സാക്ഷ്യം വഹിച്ചത്. താലികെട്ടിനുശേഷം സ്വീകരണവും മധുരവും നല്‍കിയാണ് നാട്ടുകാര്‍ നവദമ്പതികളെ യാത്രയാക്കിയത്.
Discussion about this post