ഹൈദ്രാബാദ്: ആന്ധ്രാപ്രദേശില്‍ തെലുങ്കു ദേശം പാര്‍ട്ടി(ടിഡിപി)എംഎല്‍എ അമഞ്ചി കൃഷ്ണ മോഹന്റെ സഹോദരന് മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഒരു ടെലിവിഷന്‍ ചാനലിലെ പാര്‍ട് ടൈം റിപ്പോര്‍ട്ടറായ നായിഡു നാഗാര്‍ജ്ജുന റെഡ്ഡി എന്ന മാധ്യമപ്രവര്‍ത്തകനാണ് മര്‍ദ്ദനമേറ്റത്. ചിരാല ടൗണില്‍ നടുറോഡില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചത്. അമഞ്ചി കൃഷ്ണ മോഹന്‍ അഴിമതി നടത്തിയതായുള്ള വാര്‍ത്ത നല്‍കിയതിനാണ് ഇയാളുടെ സഹോദരന് അമഞ്ചി സ്വാമുളു മാധ്യമ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.
ടിഡിപി എംഎല്‍എ അനധികൃത ഖനനം, ഭൂമി കയ്യേറ്റം തുടങ്ങിയ അഴിമതികള്‍ നടത്തുന്നുണ്ടെന്ന വാര്‍ത്ത റെഡ്ഡി തന്റെ മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്. ഗുരുതര പരിക്കേറ്റ റെഡ്ഡി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും എസ്പി ഡോ.സി.എം ത്രിവിക്രം വര്‍മ പറഞ്ഞു.
സംഭവത്തിനെതിരെ സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എംഎല്‍എയുടെ സഹോദരനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ പ്രകാശം ജില്ലയിലെ ചിരളയില്‍ റാലി നടത്തി. സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആന്ധ്രാപ്രദേശ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ഫെഡറേഷന് ആവശ്യപ്പെട്ടു.
Discussion about this post