ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഉപവാസത്തിലേക്കെന്നു സൂചന. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. രാജ്ഭവനു മുന്നിലോ മറീനാ ബീച്ചിലെ ജയാ സ്മാരകത്തിലോ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം അവര്‍ ഉപവാസമിരിക്കുമെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ചെന്നൈയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്ഭവന്‍ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ശശികല എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലേക്കു പ്രകടനമായെത്താനുള്ള സാധ്യതകൂടി കണക്കിലെടുത്താണിത്.
അതേസമയം, ഓരോ ദിവസം പിന്നിടുന്തോറും രാഷ്ട്രീയമായി കൂടുതല്‍ കരുത്താര്‍ജിക്കുന്ന ഒ.പനീര്‍സെല്‍വത്തിനു പിന്തുണയുമായി ബിജെപിയും രംഗത്തെത്തി.
വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാന്‍ പനീര്‍സെല്‍വത്തിന് അവസരം നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണ് ശശികലയ്‌ക്കെതിരെ കലാപക്കൊടി ഉയര്‍ത്തി പനീര്‍സെല്‍വം രംഗത്തെത്തിയതെന്ന അഭ്യൂഹങ്ങള്‍ ആദ്യം മുതലെ ശക്തമായി പ്രചരിച്ചിരുന്നു. അതിനിടെ, പ്രശ്‌നപരിഹാരത്തിന് നിയമസഭാ സമ്മേളനം വിളിക്കണമെന്ന് മുഖ്യപ്രതിപക്ഷമായ ഡിഎംകെയും സിപിഎമ്മും ആവശ്യപ്പെട്ടു.
പാര്‍ട്ടിയെ പിളര്‍ത്താന്‍ ഗവര്‍ണര്‍ മനഃപൂര്‍വം നടപടിക്രമങ്ങള്‍ വൈകിക്കുകയാണെന്ന് ശശികല ആരോപിച്ചിരുന്നു. ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനനുസരിച്ച് കൂടുതല്‍ പേര്‍ പനീര്‍സെല്‍വം ക്യാംപിലേക്ക് പോകുന്നതും ശശികലയെ ആശങ്കയിലാക്കിയിട്ടുണ്ട്. ഒരു മന്ത്രിയും മൂന്ന് എംപിമാരും പാര്‍ട്ടി വക്താവും ഇന്നലെ പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു ശശികല ഗവര്‍ണറെ കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന മന്ത്രി കെ.പാണ്ഡ്യരാജനും ഇതുവരെ അവര്‍ക്കുവേണ്ടി ശക്തമായി വാദിച്ചിരുന്ന പാര്‍ട്ടി വക്താവ് സി.പൊന്നയ്യനുമാണു കളം മാറ്റിയ പ്രമുഖര്‍. ആറ് എംഎല്‍എമാരാണ് ഇപ്പോള്‍ പനീര്‍സെല്‍വത്തിനൊപ്പമുള്ളത്.
കൊഴിഞ്ഞുപോക്ക് രൂക്ഷമായതോടെ തന്റെ പക്ഷത്തെ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ശശികല നേരിട്ടെത്തി അവരുമായി ചര്‍ച്ച നടത്തി. പിന്തുണ തുടരുമെന്നു സാമാജികര്‍ പ്രതിജ്ഞയെടുത്തു. ഇവര്‍ക്കൊപ്പം ഇന്നലെത്തന്നെ ഗവര്‍ണറെ കാണാന്‍ ശശികല അനുമതി തേടിയെങ്കിലും മറുപടി ലഭിച്ചില്ല. ”ക്ഷമയ്ക്കു പരിധിയുണ്ട്. ഒരു ഘട്ടംവരെ കാത്തിരിക്കും. അതു കഴിഞ്ഞാല്‍ ചെയ്യേണ്ടതു ചെയ്യും.” – പോയസ് ഗാര്‍ഡനില്‍നിന്നു മഹാബലിപുരത്തേക്കു പുറപ്പെടുംമുന്‍പു ശശികല പറഞ്ഞു. ഗവര്‍ണറുടെ മറുപടിക്കായി ഇന്നുവരെ കാത്തിരിക്കാനാണു തീരുമാനം. മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുംവരെ എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ത്തന്നെ താമസിപ്പിക്കാനും തീരുമാനിച്ചു.
അതേസമയം, ശശികലയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിക്കുന്നതു സംബന്ധിച്ചു ഗവര്‍ണര്‍ ഇന്നലെയും നിലപാടു പരസ്യമാക്കിയിട്ടില്ല. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കാനാണു തീരുമാനം വൈകിപ്പിക്കുന്നതെന്നു ശശികല ആരോപിച്ചു.
ഇതിനിടെ, ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ശശികലയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കണമെന്ന നിലപാടുള്ളയാളാണു സുബ്രഹ്മണ്യന്‍ സ്വാമി. പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വീട് സ്മാരകമാക്കാനുള്ള ഒപ്പുശേഖരണത്തിനും പനീര്‍സെല്‍വം തുടക്കമിട്ടു. അണ്ണാ ഡിഎംകെയിലെ ഐടി വിഭാഗത്തിന്റെ പിന്തുണയോടെ സമൂഹ മാധ്യമങ്ങളില്‍ പനീര്‍സെല്‍വം പക്ഷം പ്രചാരണം ശക്തമാക്കി. മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ സഹായത്തോടെ എംഎല്‍എമാരെ സ്വാധീനിക്കാനും ശ്രമം തുടങ്ങി. പി.ആര്‍.സുന്ദരം (നാമക്കല്‍), കെ.അശോക് കുമാര്‍ (കൃഷ്ണഗിരി), വി.സത്യഭാമ (തിരുപ്പൂര്‍) എന്നിവരാണു പനീര്‍സെല്‍വം പക്ഷത്തെത്തിയ എംപിമാര്‍. പിളര്‍പ്പ് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും നിലപാട് ഇതുതന്നെയായിരിക്കുമെന്നു മന്ത്രി പാണ്ഡ്യരാജന്‍ പറഞ്ഞു.
Discussion about this post