ഡല്‍ഹി: ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി അനിശ്ചിതത്വത്തില്‍ .ഇറ്റാലിയന്‍ നാവികരുടെ കേസില്‍ തീരുമാനമാകാത്തതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം നടത്താനിരുന്ന ബ്രസല്‍ സന്ദര്‍ശനം റദ്ദാക്കി.അതേസമയം, യൂണിയനിലെ പല രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ബ്രസല്‍സ് ഒഴിവാക്കിയാലും മോദി ഫ്രാന്‍സ്, ജര്‍മനിയും സന്ദര്‍ശിക്കും.
യൂറോപ്യന്‍ യൂണിയനും ഇന്ത്യയുമായുള്ള ഉച്ചകോടിക്ക് മോദി ഏപ്രിലില്‍ ബ്രസല്‍സ് സന്ദര്‍ശിക്കാനിരുന്നതാണ്. ഇന്ത്യ ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചിട്ടും യൂറോപ്യന്‍ യൂണിയന്‍ താല്‍പര്യം കാണിക്കാത്തതിനെത്തുടര്‍ന്നാണ് സന്ദര്‍ശനം ഒഴിവാക്കിയത്.
മാസങ്ങള്‍ക്കുമുമ്പാണ് ഉച്ചകോടിക്കുള്ള താല്‍പര്യം ഇന്ത്യ അറിയിച്ചത്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌കും യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ജീന്‍ ക്‌ളൗഡ് ജുന്‍കറും ഇന്ത്യയുടെ അഭ്യര്‍ഥനക്ക് അനുകൂലമാണ്. അതേസമയം, വിദേശ നയ മേധാവി ഫെഡ്രിക്ക മൊഖെറിനി ശക്തമായി എതിരാണ്. ഇറ്റാലിയുടെ വിദേശ മന്ത്രിയായിരുന്ന അവര്‍ക്ക് ഇന്ത്യയോടുള്ള വിരോധത്തിന് കാരണം കേരളത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കാത്തതാണ്. നാവികരെ വിട്ടയക്കണമെന്നുള്ള ഇറ്റലിയുടെ അപേക്ഷ ഇന്ത്യ തള്ളിയിരുന്നു.
Discussion about this post