ചെന്നൈ: പനീര്‍സെല്‍വത്തെ രൂക്ഷമായി വിമര്‍ശിച്ച് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല. പനീര്‍സെല്‍വം കള്ളനും നന്ദിയില്ലാത്തവനുമാണ്. മുഖ്യമന്ത്രി പദം വലിയ കാര്യമായി കാണുന്നില്ല. ജയലളിത മരിച്ചയുടന്‍ മുഖ്യമന്ത്രിയാകാന്‍ പനീര്‍സെല്‍വം തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ പനീര്‍സെല്‍വത്തോട് മുഖ്യമന്ത്രിയാകാനാണ് താന്‍ പറഞ്ഞത്. അന്ന് അമ്മക്കാണ് പരിഗണന നല്‍കിയത്. മുഖ്യമന്ത്രി പദവി ഏറ്റെടുക്കുന്ന മാനസികാവസ്ഥയില്‍ ആയിരുന്നില്ല താനെന്നും പോയസ് ഗാര്‍ഡനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ശശികല പറഞ്ഞു.
അമ്മ അന്തരിച്ചയുടനെയാണ് പാര്‍ട്ടിയെ വിഭജിക്കാനുള്ള ഗൂഢാലോചന താന്‍ അറിയുന്നത്. ഡി.എം.കെക്കൊപ്പം ചേര്‍ന്ന് പനീര്‍സെല്‍വം ചരടുവലിക്കുകയായിരുന്നുവെന്നും പാര്‍ട്ടിക്കെതിരെയുള്ള ചരടുവലികള്‍ പനീര്‍സെല്‍വം നേരത്തേ തുടങ്ങിയിരുന്നുവെന്നും വിശ്വാസ വഞ്ചകനാണെന്നും ശശികല പറഞ്ഞു. കഴിഞ്ഞ 33 വര്‍ഷത്തിനിടെ ആയിരം പനീര്സെല്വങ്ങളെ താന്‍ കണ്ടിട്ടുണ്ടെന്നും ഭയമില്ലെന്നും ശശികല പറഞ്ഞു. പാര്‍ട്ടിയുടെ ഭാവിയ്ക്കായാണ് താന്‍ നില കൊള്ളന്നതെന്നും സത്യം എന്തെന്ന് ജനം തിരിച്ചറിയണമെന്നും ശശികല വ്യക്തമാക്കി.
സര്ക്കാറുണ്ടാകാന് വേണ്ടി ജീവന് വെടിയാന്‍ തയ്യാറാണെന്ന് ശശികല പറഞ്ഞു. എം.ജി.ആറിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടെ ജയലളിത പരസ്യമായി അപമാനിച്ചപ്പോള്‍ അവര്‍ക്ക് താങ്ങായി നിന്നത് താനാണെന്നും ശശികല പറഞ്ഞു. പനീര്സെല്വവുമായുളള പോരാട്ടത്തില്‍ ജനപിന്തുണയില്‍ ശശികല ഏറെ പിന്നിലാണ്. സഹതാപ തരംഗം ഉണ്ടാക്കുന്ന തരത്തിലായിരുന്നു ചിന്നമ്മയുടെ പ്രസംഗം.
Discussion about this post