തൃശൂര്‍: പാമ്പാടി നെഹ്റു എഞ്ചിനീയറിംങ് കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥി എസ്എഫ്ഐ ഒഴികെയുള്ള യുവജന സംഘടനകളുടെ ഉപവാസപ്രതിഷേധ സമരം തിങ്കളാഴ്ച നടന്നു. രാഷ്ട്രീയപാര്‍ട്ടികളുടെയെല്ലാം പ്രത്യേകമായി ഒരുക്കിയ സമരപ്പന്തലുകളാണ് ഉണ്ടായിരുന്നത്. സേവ് എഡ്യുക്കേഷന്‍ കമ്മിറ്റിയുടെ സമരം സംസ്ഥാന സെക്രട്ടറി എം. ഷാജര്‍ഖാന്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് യുവമോര്‍ച്ചയുടെ ഉപവാസസമരപ്പന്തലിലും യൂത്ത് കോണ്‍ഗ്രസിന്റെ സമരപ്പന്തലിലും സമരം തുടങ്ങി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ഹരി, ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥ് എന്നിവരായിരുന്നു ഉപവാസം അനുഷ്ഠിച്ചത്. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് പാളയം പ്രദീപിന്റെ ഉപവാസസമരം സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ സമരം പ്രകടനവുമായി എത്തിയത്. പി.കെ. ബി.ജു. എം.പി. പ്രകടനം ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്., എ.ഐ.എസ്.എഫിന്റെ സത്യാഗ്രഹസമരം നാദാപുരം എം.എല്‍.എ. ഇ.കെ. വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഇതിനിടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രതിഷേധിച്ചും മാര്‍ച്ചുകളും ഉണ്ടായിരുന്നു. കെ.എസ്.യു, എ.ബി.വി.പി, എം.എസ്.എഫ്, എ.ഐ.എസ്.എഫ്, വിദ്യാര്‍ഥി ജനത, ആംആദ്മി, എ.ഐ.ഡി.എസ്.ഒ, നെഹ്റുകോളേജ് വിദ്യാര്‍ഥി അസോസിയേഷന് എന്നിവരുടെയെല്ലാം പ്രകടനവും നടന്നു. എസ്.എഫ്.ഐ. നാലുമണിയോടെ പ്രത്യേകം മാര്‍ച്ച് നടത്തി. ഇതിനിടെ നാടകസംഗീതനൃത്തകലാകാരന്മാരുടെ കൂട്ടായ്മയായ ഊരാളിയുടെ പാട്ടുംപറച്ചിലും നടന്നു.
Discussion about this post