തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിന്റെ നിയമാവലി തിരുത്തിയതിന്റെ തെളിവുകള്‍ പുറത്ത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 51 അംഗ ഭരണസമിതിയില്‍, മന്ത്രിമാര്‍ക്ക് പകരം സ്വന്തക്കാരെയും കുടുംബത്തെയും തള്ളിക്കയറ്റി 21 അംഗങ്ങളായി വെട്ടിക്കുറച്ചതിന്റെ രേഖകളാണു പുറത്തായത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സര്‍വകലാശാല നിയോഗിച്ച സിന്‍ഡിക്കറ്റ് ഉപസമിതി അന്വേഷണത്തിനെത്തിയപ്പോള്‍ പഴയ നിയമാവലിയാണു കോളജ് അധികൃതര്‍ സമര്‍പ്പിച്ചത്. എന്നാല്‍, റജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച നിയമാവലിയിലാണ് അട്ടിമറി വ്യക്തമായത്.
സെക്രട്ടേറിയറ്റിനു സമീപം പുന്നന്‍ റോഡില്‍ അക്കാദമിയുടെ പേരിലുള്ള ഭൂമിയില്‍ ഫ്‌ലാറ്റ് നിര്‍മിക്കാന്‍ അനുമതി തേടി ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ സമര്‍പ്പിച്ച അപേക്ഷയ്‌ക്കൊപ്പം ഉള്ളടക്കം ചെയ്തിരുന്നതു പുതിയ നിയമാവലിയാണ്. സര്‍ക്കാര്‍ അംഗീകരിച്ച പഴയ നിയമാവലി പ്രകാരം ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ഭരണസമിതിയില്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസുമാണു രക്ഷാധികാരികള്‍. ചെയര്‍മാന്‍ സ്ഥാനത്തു വിദ്യാഭ്യാസനിയമ മന്ത്രിമാരെയും കേരള, മഹാത്മാഗാന്ധി സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെയുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. വിദ്യാഭ്യാസനിയമ സെക്രട്ടറിമാരും കേരള സര്‍വകലാശാല ഡീനും ഉള്‍പ്പെടുന്നതാണു വിസിമാരുടെ പാനല്‍.
എന്നാല്‍, പുതിയ നിയമാവലിയില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കി അംഗങ്ങളുടെ എണ്ണം 21 ആക്കി. ഇതില്‍ ഏഴുപേരും നാരായണന്‍ നായരുടെ കുടുംബാംഗങ്ങളാണ്. നിയമാവലി ഭേദഗതി ചെയ്തതിന്റെ രേഖകളൊന്നും ഹാജരാക്കിയിട്ടുമില്ല.
Discussion about this post