പറ്റ്‌ന: ഗാൽവൻ താഴ്‌വരയിൽ ചൈനീസ് പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികന്റെ പിതാവിനെ തല്ലിച്ചതച്ച് ബിഹാർ പോലീസ്. സൈനികൻ ജയ് കിഷോർ സിംഗിന്റെ പിതാവിനോട് ആയിരുന്നു പോലീസിന്റെ ക്രൂരത. ജയ് കിഷോർ സിംഗിന്റെ ഓർമ്മയ്ക്കായി പിതാവ് സ്ഥലത്ത് പ്രതിമ സ്ഥാപിക്കുന്നുണ്ട്. ഇത് സർക്കാർ ഭൂമിയിലാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
ബിഹാറിലെ വൈശാലിയിലായിരുന്നു സംഭവം. ജയ് കിഷോർ സിംഗിന്റെ പ്രതിമയുടെ നിർമ്മാണം ഭൂരിഭാഗവും പൂർത്തിയായി. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി വനിതാ ഡിഎസ്പി കിഷോർ സിംഗിന്റെ വീട്ടിലെത്തി പ്രതിമ നീക്കം ചെയ്യണമെന്ന് താക്കീത് ചെയ്തു. 15 ദിവസത്തിനുള്ളിൽ പ്രതിമ നീക്കം ചെയ്യണമെന്നായിരുന്നു താക്കീത്. എന്നാൽ ഇവർ പോയി അൽപ്പനേരത്തിന് ശേഷം പോലീസുകാർ എത്തി ജയ് കിഷോർ സിംഗിന്റെ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാരണം എന്താണെന്ന് തിരക്കിയതോടെ പോലീസുകാർ മർദ്ദിച്ചു. അദ്ദേഹത്തെ ക്രൂരമായി തല്ലുന്നതിന്റെയും വഴിയിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിതാവിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച തനിയ്ക്കും മർദ്ദനമേറ്റതായി ജയ് കിഷോർ സിംഗിന്റെ സഹോദരൻപറഞ്ഞു.
അതേസമയം നിയമലംഘനം നടത്തിയതായുള്ള കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട് ജനുവരി 23 ന് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.








