ന്യൂഡൽഹി: ഡൽഹി മേയർ തിരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലർമാർക്ക് ആം ആദ്മി പാർട്ടി എംഎൽഎ ടിക്കറ്റ് വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചതായി ആരോപണം. ബിജെപി സ്ഥാനാർത്ഥിയായിരുന്ന രേഖ ഗുപ്തയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വോട്ടെടുപ്പിന് മുൻപ് ആം ആദ്മി പാർട്ടി വൃത്തികെട്ട രാഷ്ട്രീയ നീക്കം നടത്തിയതായി വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ പ്രതികരണത്തിൽ അവർ ആരോപിച്ചു.
പത്തോളം ബിജെപി കൗൺസിലർമാരെ ആം ആദ്മി പാർട്ടി ഇത്തരത്തിൽ സമീപിച്ചതായിട്ടാണ് രേഖ ഗുപ്തയുടെ ആരോപണം. സമാധാനപരമായി മേയർ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനാണ് ബിജെപി ശ്രമിച്ചിട്ടുളളതെന്നും രേഖ ഗുപ്ത പറഞ്ഞു. കഴിഞ്ഞ മാസം മേയർ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാർട്ടി അംഗങ്ങൾ സഭയിൽ ചെയ്തുകൂട്ടിയത് എല്ലാവരും കണ്ടതാണെന്ന് രേഖ ഗുപ്ത ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം ഉണ്ടെങ്കിൽ എന്തിനാണ് അവർ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും എന്തിനാണ് ഭയപ്പെടുന്നതെന്നും അവർ ചോദിച്ചു.
എല്ലാം ചെയ്തിട്ട് ഒന്നും ചെയ്തില്ലെന്നാണ് ആം ആദ്മി പറയുന്നത്. പക്ഷെ ബിജെപിയുടെ കൈയ്യിൽ തെളിവുകൾ ഉണ്ടെന്നും രേഖ ഗുപ്ത പറഞ്ഞു. മേയർ തിരഞ്ഞെടുപ്പിൽ 150 വോട്ടുകളാണ് ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്‌റോയിക്ക് ലഭിച്ചത്. രേഖ ഗുപ്തയ്ക്ക് 116 വോട്ടുകളും ലഭിച്ചു. അതേസമയം ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ആലി മുഹമ്മദ് ഇഖ്ബാലിന് 147 വോട്ടുകൾ മാത്രമേ ലഭിച്ചുളളൂ. ബിജെപിയുടെ കമാൽ ബാഗ്രി 116 വോട്ടുകൾ തന്നെ നിലനിർത്തുകയും ചെയ്തു.
അതിനിടെ കോർപ്പറേഷനിലെ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് വൈകിപ്പിച്ചതും ബഹളത്തിന് കാരണമായി. ഹനുമാൻ ചാലിസ ചൊല്ലിയും ജയ് ശ്രീറാം വിളിച്ചും ബിജെപി അംഗങ്ങൾ പ്രതിഷേധം പ്രകടിപ്പിച്ചു. നേരത്തെ മൂന്ന് തവണ മേയർ തിരഞ്ഞെടുപ്പ് നടത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
Discussion about this post