ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ വിധി പറഞ്ഞ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസ്. കോൺഗ്രസ് ദിണ്ഡുകൽ ജില്ലാ അദ്ധ്യക്ഷൻ മണികണ്ഠനെതിരെയാണ് പോലീസ് കേസ് എടുത്തത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഇന്ന് രാവിലെയാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. മൂന്ന് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 ബി ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
സൂറത്ത് കോടതി ജഡ്ജിയ്‌ക്കെതിരെയായിരുന്നു മണികണ്ഠന്റെ ഭീഷണി. അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയ്ക്ക് രണ്ട് വർഷം തടവ് ശിക്ഷയാണ് വിധിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന് എംപി സ്ഥാനം നഷ്ടപ്പെടുകയും, ഔദ്യോഗിക വസതിയിൽ നിന്നും ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിലുള്ള അരിശത്തെ തുടർന്നായിരുന്നു ജഡ്ജിയെ ഭീഷണിപ്പെടുത്തിയത്. രാഹുലിനെതിരെ വിധി പറഞ്ഞ ജഡ്ജിയുടെ നാവ് അറുക്കുമെന്നായിരുന്നു ഭീഷണി. സംഭവത്തിൽ മണികണ്ഠനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടും പ്രതിഷേധിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്.










