ആലപ്പുഴ: ആരോഗ്യസംരക്ഷണത്തിൽ കേരളം പോലൊരു സംസ്ഥാനം ഇന്ത്യയിൽ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇക്കാര്യത്തിൽ ലോകം തന്നെ വിസ്മയിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്ത വിഷയത്തിൽ ഉൾപ്പെടെ പാർട്ടി നേതൃത്വം പ്രതിക്കൂട്ടിലാകുകയും സമൂഹമാദ്ധ്യമങ്ങളിൽ അടക്കം രൂക്ഷ വിമർശനം ഏറ്റുവാങ്ങുകയും ചെയ്യുന്നതിനിടയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ.
ബ്രഹ്മപുരത്തെ വിഷപ്പുകയുമായി ബന്ധപ്പെട്ട് ആരോഗ്യ സംരക്ഷണത്തിൽ കേരളം യുപിയെ നോക്കി പഠിക്കണമെന്ന് ഇന്നലെ തൃശൂരിൽ നടന്ന ജനശക്തി സമ്മേളനത്തിൽ അമിത് ഷാ പറഞ്ഞിരുന്നു. ഇക്കാര്യം പരാമർശിക്കവേയാണ് കേരളം ആരോഗ്യസംരക്ഷണത്തിൽ മുൻപിലാണെന്ന് എംവി ഗോവിന്ദൻ സ്ഥാപിക്കാൻ ശ്രമിച്ചത്.
യുപിയിൽ 50 കിലോമീറ്ററും 60 കിലോമീറ്ററും പോയാലാണ് ഒരു ആശുപത്രി കിട്ടുക. ഫലപ്രദമായ ചികിത്സയില്ല. ഓക്‌സിജൻ തന്നെ കൊടുക്കാൻ സംവിധാനമില്ല. കുട്ടികൾ ശ്വാസം കിട്ടാതെ മരിച്ചുപോയ ചിത്രം ലോകം മുഴുവൻ കണ്ടതാണ് തുടങ്ങിയ പതിവ് വിമർശനങ്ങളുടെ അകമ്പടിയോടെ ആയിരുന്നു കേരളത്തെ വീണ്ടും നമ്പർ വൺ ആക്കി സിപിഎം സെക്രട്ടറി അവതരിപ്പിച്ചത്.
കേരളത്തിൽ 0.7 ശതമാനം മാത്രമാണ് പട്ടിണി. അതിദാരിദ്ര്യത്തിൽ കഴിയുന്ന 64006 കുടുംബങ്ങളെയും ഞങ്ങൾ ദത്തെടുത്തിട്ടുണ്ട്. മൂന്ന് കൊല്ലം കൊണ്ട് അതിദാരിദ്ര്യം ഇല്ലാത്ത ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനമായി കേരളം മാറാൻ പോകുകയാണെന്നും എംവി ഗോവിന്ദൻ അവകാശപ്പെട്ടു.
സുരേഷ് ഗോപി ജനശക്തി സമ്മേളനത്തിൽ തനിക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾ സിനിമാ ഡയലോഗ് മാത്രമാണെന്നും എംവി ഗോവിന്ദൻ മറുപടി നൽകി. ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 365 ദിവസം ചാരിറ്റി ചെയ്താലും സുരേഷ് ഗോപി വിജയിക്കില്ലെന്ന് ജനകീയ പ്രതിരോധ യാത്രയുടെ തൃശൂരിലെ പര്യടനത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ എംവി ഗോവിന്ദൻ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി ഏത് ഗോവിന്ദൻ വന്നാലും തൃശൂർ ഞങ്ങൾ എടുക്കുമെന്ന് ആയിരുന്നു ജനശക്തി സമ്മേളനത്തിൽ സുരേഷ് ഗോപിയുടെ വാക്കുകൾ.









